സ്ത്രീകൾ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമയല്ല: കോടതി
Mail This Article
കൊച്ചി ∙ സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. വിവാഹമോചനഹർജി തലശ്ശേരി കുടുംബക്കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്. ഹർജിക്കാരി ആദ്യം നൽകിയ വിവാഹമോചനഹർജി തൃശൂർ കുടുംബക്കോടതി തള്ളിയിരുന്നു. തർക്കങ്ങൾ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാൻ നിർദേശിച്ചാണു തൃശൂർ കോടതി ഹർജി തള്ളിയത്.
എന്നാൽ കുടുംബക്കോടതിയുടെ നിർദേശം പുരുഷാധിപത്യസ്വഭാവമുള്ളതാണെന്നും 2023ലെ ചിന്താഗതി ഇതല്ലെന്നും ഹൈക്കോടതി പറഞ്ഞു. അമ്മയും അമ്മായിയമ്മയും പറയുന്നതു കേൾക്കാൻ ഹർജിക്കാരിയോടു കുടുംബക്കോടതി നിർദശിച്ചിട്ടുണ്ടെന്നു ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോഴാണു സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നു കോടതി അഭിപ്രായപ്പെട്ടത്. കോടതിക്കു പുറത്ത് ഒത്തുതീർക്കാവുന്ന പ്രശ്നങ്ങളേയുള്ളുവെന്ന ഭർത്താവിന്റെ വാദവും ഹൈക്കോടതി സ്വീകരിച്ചില്ല. ഹർജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ. അവർക്ക് ഒരു മനസ്സുണ്ടെന്നു തിരിച്ചറിയൂ. മധ്യസ്ഥചർച്ചയ്ക്ക് അവരെ നിർബന്ധിക്കുകയാണോയെന്നും കോടതി ചോദിച്ചു.
കേസ് തലശ്ശേരി കോടതിയിലേക്കു മാറ്റിയാൽ പ്രായമായ തന്റെ അമ്മയ്ക്കു ഹാജരാകാൻ ബുദ്ധിമുട്ടാണെന്നും ഇതനുവദിക്കരുതെന്നും ഭർത്താവ് വാദിച്ചു. എന്നാൽ അമ്മയ്ക്കു വിഡിയോ വഴി ഹാജരാകാമെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഹർജിക്കാരിയുടെ ആവശ്യം അനുവദിച്ചു.