വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
Mail This Article
മൂവാറ്റുപുഴ∙ വൈദ്യുതി ബിൽ കുടിശികയായതോടെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരി മാറ്റി. ഇതിനു പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണി ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാർ വാഹനം, ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ചു പൊലീസ് പിടിച്ചെടുത്തു. ലൈൻമാൻമാരെ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു എന്നും പരാതിയുണ്ട്.
ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി ബിൽ കുടിശികയായതിനാൽ പലവട്ടം കെഎസ്ഇബി ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ എത്തി ബിൽ അടയ്ക്കാൻ നിർദേശിച്ചിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബിൽ അടയ്ക്കാതിരുന്നതിനാൽ കെഎസ്ഇബി ജീവനക്കാർ ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരി.
ഇതിനു പിന്നാലെയാണു മടക്കത്താനം കൊച്ചങ്ങാടിയിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാനായി ജീവനക്കാർ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിനു മുകളിൽ ഗോവണി കൊണ്ടുപോയതും ആയുധങ്ങൾ ഉണ്ടായിരുന്നതും ചൂണ്ടിക്കാണിച്ചാണു വണ്ടി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. വാഹനത്തിൽ ഉണ്ടായിരുന്ന ലൈൻമാൻമാരെ രാത്രി 11വരെ സ്റ്റേഷനിൽ പിടിച്ചു നിർത്തി. കെഎസ്ഇബി അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഗതാഗതനിയമ ലംഘനത്തിന് 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം മോചിപ്പിച്ചത്.
അതേസമയം ക്വാർട്ടേഴ്സുകൾ വൈദ്യുതി ബിൽ കുടിശിക വരുത്തിയിട്ടില്ലെന്നും കെഎസ്ഇബിക്ക് എതിരെ പ്രതികാര നടപടി സ്വീകരിച്ചുവെന്നുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും വാഴക്കുളം പൊലീസ് പറഞ്ഞു. നിയമ ലംഘന നടത്തിയ സ്വകാര്യ വാഹനത്തിനെതിരെ നടപടി എടുത്തത് കെഎസ്ഇബിക്ക് എതിരെയുള്ള പ്രതികാര നടപടിയായി വ്യാഖ്യാനിക്കുകയാണെന്നും പൊലീസ് പറയുന്നു.