യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം, അനുമതിയില്ലാതെ ശമ്പളക്കയറ്റം; മെഡിക്കൽ സർവീസസ് കോർപറേഷൻ വീണ്ടും വിവാദത്തിൽ
Mail This Article
കോഴിക്കോട്∙ കോവിഡ് കാലത്തെ മരുന്നുവാങ്ങലും കാലാവധി കഴിഞ്ഞ മരുന്നു വിതരണവും അടക്കമുള്ള വിവാദങ്ങളിൽപെട്ട കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) യോഗ്യതയില്ലാത്തയാൾക്ക് സ്ഥാനക്കയറ്റവും സോഫ്റ്റ്‌വെയർ തിരുത്തി ശമ്പള വർധനയും നൽകിയതായി ഡയറക്ടർ ബോർഡ് തന്നെ സ്ഥിരീകരിച്ചു. അവശ്യമരുന്നു സംഭരണ വിഭാഗത്തിന്റെ ഡപ്യൂട്ടി മാനേജരായി സ്ഥാനക്കയറ്റം നേടിയയാളെ അസിസ്റ്റന്റ് മാനേജരായി തരം താഴ്ത്താനും അധികം നൽകിയ ശമ്പളം തിരിച്ചുപിടിക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
അനധികൃത സ്ഥാനക്കയറ്റത്തിനു പിന്നിൽ തലസ്ഥാനത്തെ ഒരു മുൻമന്ത്രിയുടെ സമ്മർദമാണെന്നാണ് എംഡി കെ.ജീവൻ ബാബുവും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷും ഉൾപ്പെട്ട ഡയറക്ടർ ബോർഡിന്റെ കണ്ടെത്തൽ. നിയമസഭയിൽ ഉൾപ്പെടെ വിവാദമായ ഈ സ്ഥാനക്കയറ്റത്തെ അന്നു സർക്കാർ ന്യായീകരിച്ചിരുന്നു.
68–ാമതു ഡയറക്ടർ ബോർഡാണ് അവശ്യമരുന്നു സംഭരണ വിഭാഗത്തിലേക്കു ഡപ്യൂട്ടി മാനേജരെ നിയമിക്കാനും, നിലവിലെ ജീവനക്കാരിൽ സീനിയോറിറ്റിയും യോഗ്യതയും ഉള്ളവരെ പരിഗണിക്കാനും തീരുമാനിച്ചത്. ഡപ്യൂട്ടി മാനേജരുടെ യോഗ്യത എംഫാം ആണെന്ന് 2020 ൽ തന്നെ കെഎംഎസ്‌സിഎൽ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ബിരുദവും ഫാർമസിയിൽ ഡിപ്ലോമയും മാത്രമുള്ള, ജൂനിയറായ അസിസ്റ്റന്റ് മാനേജരെയാണു കഴിഞ്ഞ വർഷം ജൂലൈ 22ന് ഈ തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകി നിയമിച്ചത്. അസിസ്റ്റന്റ് മാനേജരായിരിക്കെ 30,550 രൂപയായിരുന്നു ഇവരുടെ ശമ്പളം.
ഡയറക്ടർ ബോർഡ് ശമ്പള വർധന ശുപാർശ ചെയ്തിരുന്നില്ലെങ്കിലും മാനേജിങ് ഡയറക്ടറുടെ അറിവോ സമ്മതമോ ഇല്ലാതെ സോഫ്റ്റ്‌വെയറിൽ തിരുത്തൽ വരുത്തി 10,000 രൂപയുടെ വർധന നടപ്പാക്കുകയും ചെയ്തു. അതു ചെയ്ത അസിസ്റ്റന്റ് മാനേജർ (ഹ്യൂമൻ റിസോഴ്സ്) കാരണം കാണിക്കൽ നോട്ടിസ് കിട്ടിയതിനു പിന്നാലെ രാജി വച്ചു പോയതായും ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിലുണ്ട്.
സ്ഥാനക്കയറ്റത്തിനെതിരെ ഒട്ടേറെ പരാതികൾ ഉയർന്നതോടെ സർക്കാർ നിർദേശത്തെ തുടർന്നാണ് 73–ാം ഡയറക്ടർ ബോർഡ് ഫയലുകൾ പരിശോധിച്ചത്. സ്ഥാനക്കയറ്റം അനധികൃതവും നിയമവിരുദ്ധവുമായിരുന്നു എന്നാണു വിലയിരുത്തൽ. കരാർ ജീവനക്കാർക്കു സ്ഥാനക്കയറ്റം ബാധകമല്ലെന്നും ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം തിരിച്ചുപിടിക്കുന്നതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർനടപടികൾ.