ADVERTISEMENT

തിരുവനന്തപുരം ∙ മഹല്ല് എംപവർമെന്റ് മിഷൻ (എംഇഎം) 30നു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കി. വൈകിട്ടു 4നു നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായി തരൂരിനെയാണു നിശ്ചയിച്ചിരുന്നത്. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ പലസ്തീൻകാരെ തീവ്രവാദികളെന്നു വിശേഷിപ്പിച്ചതിനാലാണു തരൂരിനെ ഒഴിവാക്കിയതെന്ന് എംഇഎം സെക്രട്ടറി ഷാജഹാൻ പറഞ്ഞു. പരിപാടിയിലേക്കു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ നേരത്തേ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 32 മുസ്‌ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയാണ് മഹല്ല് എംപവർമെന്റ് മിഷൻ.

ലീഗിനെ പ്രശംസിച്ച് ഗോവിന്ദൻ; തരൂരിനെ ‘വെറുതേ വിട്ടു’

ന്യൂഡൽഹി ∙ പലസ്തീനോടുള്ള ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട മുസ്‍ലീം ലീഗിന്റെ ഇടപെടലുകളെ പ്രശംസിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പലസ്തീനുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കലാണു പ്രധാനമെന്നു പറഞ്ഞ അദ്ദേഹം ശശി തരൂരിനെ കടന്നാക്രമിക്കാനും മുതിർന്നില്ല. പലസ്തീനൊപ്പമാണെന്നു തരൂർ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം.

 തരൂർ നടത്തിയ പരാമർശങ്ങളുടെ പേരിൽ ലീഗിന്റെ ഇടപെടലിനെ വിമർശിച്ചു സിപിഎം നേതാക്കളായ കെ.ടി.ജലീൽ, എം.സ്വരാജ് എന്നിവർ രംഗത്തു വന്നിരിക്കെയാണ് ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്കു മുതിരാതെയുള്ള ഗോവിന്ദന്റെ പ്രതികരണം. പലസ്തീൻ ഐക്യപ്പെടലുകളെ പരിഹസിക്കേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

∙ 'ഞാൻ എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. 32 മിനിറ്റുള്ള പ്രസംഗത്തിന്റെ വിഡിയോ മുഴുവൻ ശ്രദ്ധിച്ചാൽ തെറ്റിദ്ധാരണകൾ മാറും. ചെറിയൊരു പരാമർശം എടുത്ത് പ്രചരിപ്പിക്കുകയാണ്. വിവാദമുണ്ടാക്കാൻ ആഗ്രിക്കുന്നവർ അതു ചെയ്തോട്ടെ. പലസ്തീൻ ജനങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് എന്റേതും.' - ശശി തരൂർ എംപി

∙ 'വരികൾക്കിടയിലെ കുത്തും കോമയും നോക്കി, മുസ്‌ലിം ലീഗ് മുന്നോട്ടുവച്ച വലിയ സന്ദേശത്തെ വക്രീകരിക്കാൻ നോക്കേണ്ട.' - പി.കെ.കുഞ്ഞാലിക്കുട്ടി, ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി

∙ ' പരാമർശത്തിൽ ശശി തരൂർ വിശദീകരണം നൽകിയിട്ടുണ്ട്. അദ്ദേഹം തിരുത്തിയല്ലോ. പലസ്തീനെതിരായ ഇസ്രയേൽ ആക്രമണത്തെ കോൺഗ്രസ് പ്രവർത്തകസമിതി അപലപിച്ചിട്ടുണ്ട്.' - വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

∙ 'ഹമാസ് ഐക്യദാർഢ്യ സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് ശരിയായില്ല. യുഎന്നിൽ ഇരുന്ന തരൂരിനെപ്പോലെയൊരാൾ രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത് അംഗീകരിക്കാനാവില്ല.' - കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

∙ 'ഹമാസ് ഇസ്രയേലിന്റെയല്ല, മുസ്‌ലിംകളുടെ ശത്രുവാണ്. അവരെ തീർക്കേണ്ടതു മുസ്‌ലിംകളാണ്. ശശി തരൂരിനെ പോലെ ഒരാൾ പഠിക്കാതെ കാര്യങ്ങൾ പറയില്ല.' - സുരേഷ് ഗോപി, ബിജെപി നേതാവ്

English Summary:

Shashi Tharoor was avoided from Palestine Solidarity Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com