ഈ പരീക്ഷയിൽ പ്രായം തോൽക്കും
Mail This Article
പൂച്ചാക്കൽ (ആലപ്പുഴ) ∙ ടെൻഷനൊന്നുമില്ലാതെ മോണ കാട്ടിയുള്ള നല്ല ചിരിയോടെയാണ് 93 വയസ്സുകാരൻ പത്മനാഭപിള്ളയും ഭാര്യ 92 വയസ്സുകാരി ഗൗരിയമ്മയും ഇന്നലെ പരീക്ഷയ്ക്കെത്തിയത്. പേരും പ്രായവുമൊക്കെ എഴുതേണ്ട കോളം പരസ്പരം പറഞ്ഞ് പൂരിപ്പിച്ചും ചോദ്യപ്പേപ്പർ വായിച്ചു നോക്കിയും പരീക്ഷകൾ പൂർത്തിയാക്കി.
സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാപരീക്ഷയിലായിരുന്നു ഇരുവരും പങ്കെടുത്തത്.
തൈക്കാട്ടുശേരി പഞ്ചായത്ത് 10–ാം വാർഡ് വടക്കേവെളിയിൽ പത്മനാഭപിള്ളയും ഗൗരിയമ്മയും അക്ഷര ലോകത്തേക്കുള്ള ആദ്യ പരീക്ഷ ‘മികവുത്സവം’ നേരത്തേ പൂർത്തിയാക്കിയ ശേഷമാണു നാലാം ക്ലാസ് പഠനത്തിനു ചേർന്നത്. 10 മാസമായി പഠനം തുടങ്ങിയിട്ട്. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ക്ലാസിൽ ദമ്പതികൾ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്.
ജില്ലയിലെ മുതിർന്ന പഠിതാവാണ് പത്മനാഭപിള്ള. ജില്ലയിലെ മുതിർന്ന വിദ്യാർഥി ദമ്പതികളും ഇവരാണ്.
മലയാളം, കണക്ക്, നമ്മളും ചുറ്റുപാടും എന്നീ വിഷയങ്ങളിലെ എഴുത്തു പരീക്ഷയും ഇംഗ്ലിഷിലെ ചോദ്യപ്പരീക്ഷയുമാണ് ഉണ്ടായിരുന്നത്. ഇന്നലെത്തന്നെ പരീക്ഷകൾ പൂർത്തിയായി.
ഏഴാം ക്ലാസും പിന്നീട് 10–ാം ക്ലാസ് പഠനവും പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. തൈക്കാട്ടുശേരി പഞ്ചായത്തിൽ മാക്കേക്കടവ് 30ാം നമ്പർ അങ്കണവാടിയാണ് പരീക്ഷാ കേന്ദ്രം. നാലാം ക്ലാസ് പരീക്ഷയ്ക്ക് ഇവിടെ 17 പേരുണ്ടായിരുന്നു.