ADVERTISEMENT

തിരുവനന്തപുരം ∙  കളമശേരി ബോബ് സ്ഫോടനത്തിനു പിന്നാലെ തനിക്കെതിരെ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. 

   തന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണ് കളമശേരിയിൽ കണ്ടതെന്നും തീവ്രവാദികളായ ഹമാസിന്റെ ആഹ്വാനം അനുസരിച്ചു ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടത്തുന്നെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നും ഇതു പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

‘വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. ഇൗ മന്ത്രിയുടെ ചുവടുപിടിച്ച് കൂടെയിരിക്കുന്നവരും പ്രസ്താവനകൾ കൊടുത്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹം ഒരു മന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാൾ അന്വേഷണ ഏജൻസികളോട് സാധാരണ ഗതിയിലുള്ള ആദരവെങ്കിലും കാണിക്കണം. പ്രത്യേകമായ ചിലരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രചാരണ രീതികളാണ് ഇൗ വിഭാഗം സ്വീകരിക്കുന്നത്. അത് അവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണ്. ഇത്തരം വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകും.’

കേരളത്തിലെ ഏതെങ്കിലും നേതാക്കൾ സമാന പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്: 

ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങൾ ഉണ്ടായതു ദൗർഭാഗ്യകരമാണ്. സംഭവങ്ങൾക്കു കേരള സർക്കാരാണ് ഉത്തരവാദി. ഹമാസിലെ തീവ്രവാദ സംഘടനയുടെ തലവനെ കേരളത്തിൽ സംസാരിക്കാൻ സർക്കാർ അനുവദിച്ചതിന്റെ അനന്തരഫലമാണ് 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാണുന്നത്.

കളമശേരി സ്ഫോടനം: പ്രതികരണങ്ങൾ

∙കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ ഹൃദയം വേദനിക്കുന്നു. മനുഷ്യത്വത്തിനെതിരായ കൃത്യമാണു നടന്നത്. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്.-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

∙തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകുന്നത് ആശങ്കാജനകമാണ്.–കേന്ദ്രമന്ത്രി വി.മുരളീധരൻ

∙സ്ഫോടനം തീർത്തും അലോസരപ്പെടുത്തുന്നതും അപലപനീയവുമാണ്. പരിഷ്കൃത സമൂഹത്തിൽ അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല.–രാഹുൽ ഗാന്ധി

∙സംഭവം ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജൻസിന്റെയും ഗുരുതര വീഴ്ചയാണ്. ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.–കെ.സുധാകരൻ എംപി, കെപിസിസി പ്രസിഡന്റ്

∙രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവം ഭീകരാക്രമണമെന്നു പറയേണ്ടി വരും.–എം.വി.ഗോവിന്ദൻ , സിപിഎം സംസ്ഥാന സെക്രട്ടറി

∙കളമശേരിയിലെ സ്ഫോടനം ആശങ്കാജനകമാണ്. വിദ്വേഷ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.–കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി

∙കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണ്.–കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

∙ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ, കേരളം ഈ അക്രമത്തെയും അതിജയിക്കും.–പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

∙അക്രമങ്ങൾ ജനങ്ങളെ കൂടുതൽ അസ്വസ്ഥരും ഭയചകിതരുമാക്കുന്നു. ജാതിമതഭേദമില്ലാതെ എല്ലാവരും സംയമനം പാലിക്കണം.–മാതാ അമൃതാനന്ദമയി

∙കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.–കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

English Summary:

Kerala CM Pinarayi Vijayan against Central Minister Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com