ADVERTISEMENT

കുറ്റിപ്പുറം (മലപ്പുറം) ∙ പ്ലസ്‌വൺ വിദ്യാർഥിയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറ്റിപ്പുറം പേരശ്ശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കുണ്ടിൽചോലയിൽ സജീഷിനെ (46) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വയറിനും വേദന കൂടിയതിനെ തുടർന്നാണ് വളാ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 സിടി സ്കാൻ അടക്കമുള്ള പരിശോധനകളിൽ വയറിനു താഴെ നീർക്കെട്ടുള്ളതായി കണ്ടെത്തി. വിദ്യാർഥി ഷൂസിട്ട് അധ്യാപകന്റെ വയറിന്റെ ഇടതുവശത്ത് ചവിട്ടിയിരുന്നു. 

 ഇതേ തുടർന്നാണ് ഈ ഭാഗത്ത് നീർക്കെട്ട് വന്നത്. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ ഇടതു കൈക്കുഴ വേർപെട്ടിരുന്നു. ഇന്നലെ രാവിലെയാണ് വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചത്.

സ്വന്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം സജീഷിനെ മർദിച്ച് പരുക്കേൽപിച്ചത്.  ഓഫിസിനു മുന്നിലിട്ട് അധ്യാപകനെ മർദിക്കുമ്പോൾ പിടിക്കാനെത്തിയ അധ്യാപികമാരും താഴെ വീണു. അധ്യാപകന്റെ കൈ പിന്നിലേക്ക് പിടിച്ച് പുറത്ത് ചവിട്ടിയപ്പോഴാണ് കൈക്കുഴ വേർപെട്ടത്. 

പരുക്കേറ്റ അധ്യാപകനെ കുറ്റിപ്പുറത്തെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആദ്യം ചികിത്സ നൽകിയിരുന്നു. അധ്യാപകന്റെ പരാതിയിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ട്. വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാർഥി മുൻപ് അധ്യാപികമാരോട് അപമര്യാദയായി പെരുമാറിയതും സ്കൂളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.

പരുക്കേറ്റത് മനസ്സിന്:സ്ഥലംമാറ്റം വേണമെന്ന് അധ്യാപകൻ

സ്വന്തം നാട്ടിലെ സ്കൂളാണെങ്കിലും പേരശ്ശനൂർ ഹയർ സെക്കൻഡറിയിൽ ഇനി ജോലിയെടുക്കാൻ കഴിയില്ലെന്ന് അധ്യാപകനായ സജീഷ്. ശരീരത്തിന് ഏറ്റ പരുക്കിനെക്കാൾ മനസ്സിനാണ് മുറിവുണ്ടായത്. സ്കൂളിലെ ഡിസിപ്ലിൻ കമ്മിറ്റിയുടെ ചുമതലയുള്ളതിനാലാണ് വിദ്യാർഥിയെ ശകാരിച്ചതും നേർവഴിക്ക് നടത്താൻ ശ്രമിച്ചതും. എന്നാൽ ഒരു അധ്യാപകന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുഭവമാണ് നേരിടേണ്ടി വന്നത്. സ്കൂളിൽനിന്ന് സ്ഥലം മാറിപ്പോകാൻ ഇന്ന് അപേക്ഷ നൽകുമെന്നും സജീഷ് ‘മനോരമ’യോട് പറഞ്ഞു.

English Summary:

Plus-one student assaults Teacher in front of Principal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com