കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു, ആകെ മരണം 3
Mail This Article
കൊച്ചി ∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 3 മരണം. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. മരിച്ചവരിലൊരാൾ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ലിബിന പുലർച്ചെ ഒന്നോടെയാണു മരിച്ചത്.
ചികിത്സയിലുള്ള 29 പേരിൽ 16 പേർ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരം. പ്രതി ഡൊമിനിക് തന്നെയെന്ന് ഉറപ്പിച്ചതു ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഫോണിൽ കാട്ടിക്കൊടുത്തപ്പോഴാണ്. യുട്യൂബിൽ നോക്കി പഠിച്ച് ബോംബ് സ്വയം നിർമിക്കുകയായിരുന്നുവെന്നാണ് മൊഴി. മുൻപ് ‘യഹോവയുടെ സാക്ഷികൾ’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഡൊമിനിക് ഒരുവർഷം മുൻപുവരെ വിദേശത്തായിരുന്നു. കുടുംബം 6 വർഷമായി തമ്മനത്താണ് താമസം.
എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക ന്വേഷണസംഘം രൂപീകരിച്ചു. ഭീകരവിരുദ്ധനിയമം, സ്ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു 10ന് സെക്രട്ടേറിയറ്റിൽ സർവകക്ഷി യോഗം ചേരും.
വർഗീയ വിദ്വേഷം പരത്തിയാൽ നടപടി: ഡിജിപി
തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു സംസ്ഥാന ഡിജിപി എസ്. ദർവേഷ് സാഹിബ് വ്യക്തമാക്കി. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്താൻ നിരീക്ഷണം 24 മണിക്കൂറുമുണ്ടാകും. സ്ഫോടനത്തിനു വർഗീയ നിറം നൽകാൻ ശ്രമിക്കുന്ന ഒട്ടേറെ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ചില ചാനലുകളുടെ പേരിലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകളും ഉപയോഗിച്ചു.