ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുന്നു. 17 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 12 പേർ ഐസിയുവിലാണ്. കളമശേരി ഗവ. മെഡിക്കൽ കോളജിൽ 4 പേരാണു ചികിത്സയിലുള്ളത്. മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലാണ്.

ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മലയാറ്റൂർ സ്വദേശികളായ സാലി (45), മകൻ പ്രവീൺ (24), രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള കളമശേരി മുട്ടം സ്വദേശി മോളി ജോയ് (61), എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള മോളി സിറിയക് (58) എന്നിവരുടെ ആരോഗ്യ നിലയാണു ഗുരുതരമായി തുടരുന്നത്.

സ്ഫോടനത്തിൽ മരിച്ച 3 പേരുടെയും മൃതദേഹം ഒരേസമയം പോസ്റ്റ്മോർട്ടം ചെയ്തു. തൊടുപുഴ സ്വദേശി കുമാരി പുഷ്പന്റെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ ലെയോണ പൗലോസ് (55), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബ്ന (12) എന്നിവരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലെയോണ പൗലോസിന്റേതെന്നു കരുതുന്ന മൃതദേഹം സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും.

പരുക്കേറ്റവരെ മുഖ്യമന്ത്രി സന്ദർശിച്ചു

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റു സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരുടെ ഉൾപ്പെടെ ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച മുഖ്യമന്ത്രി, സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലും പോയി.

ഗുരുതരമായി പൊള്ളലേറ്റ ചിലർ അപകടനില തരണം ചെയ്തിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ പുറത്തേക്കു രക്ഷപ്പെടുന്നതിനുള്ള ബോധവൽക്കരണം ലഭിച്ചിരുന്നതിനാൽ തിക്കും തിരക്കും മൂലമുള്ള അപകടമൊഴിവായെന്നും ഇതു ദുരന്തവ്യാപ്തി കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിയിലായ ഡൊമിനിക് മാർട്ടിൻ സമ്മതിച്ച കാര്യങ്ങൾക്ക് അപ്പുറം മറ്റെന്തെങ്കിലും മാനമുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾ ആരു നടത്തിയാലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kalamasery blast Seventeen peoples under treatment and four peoples are in critical condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com