സ്ഫോടനം, ഭീതി, അഭ്യൂഹം ആശങ്കയുടെ പകൽ
Mail This Article
കളമശേരി ∙ യഹോവയുടെ സാക്ഷികളുടെ മധ്യമേഖലാ കൺവൻഷന്റെ സമാപന ദിവസമായിരുന്നതിനാൽ ഇന്നലെ രാവിലെ തന്നെ കുട്ടികളും സ്ത്രീകളുമടക്കമുള്ള വിശ്വാസികൾ സംറ കൺവൻഷൻ സെന്ററിൽ എത്തിച്ചേർന്നിരുന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 2300 പേർ പങ്കെടുത്ത യോഗത്തിന്റെ വേദിയിൽ രാവിലെ 9.20നു വിഡിയോഗാനത്തിന്റെ പ്രദർശനം നടന്നു. 9.30നു പ്രാർഥനാ ഗീതം തുടങ്ങിയതിനുപിന്നാലെയായിരുന്നു സ്ഫോടനം.
പ്രാർഥിക്കുന്നതിനിടയിൽ പൊട്ടിത്തെറി കേട്ടു ഞെട്ടിത്തെറിച്ചാണ് എല്ലാവരും കണ്ണുതുറന്നത്. ഹാളിന്റെ മധ്യത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരാൾ. മറ്റു ചിലർ പൊള്ളലേറ്റു വീണുകിടക്കുന്നു. ശേഷിച്ചവർ ഹാളിനു പുറത്തുകടക്കാൻ ചിതറിയോടി. അപ്പോഴേക്കും ഹാളിനകം പുക നിറഞ്ഞിരുന്നു.
സംഭവിക്കുന്നതെന്തെന്നറിയാതെ 4 വാതിലുകളിലൂടെയും അവർ നിലവിളിച്ചു പുറത്തേക്കോടി. പലർക്കും വീണു പരുക്കേറ്റു. മൊബൈൽ ഫോണുകളും ബാഗുകളുമെല്ലാം ഉപേക്ഷിച്ചായിരുന്നു ഓട്ടം. തീപ്പൊള്ളലിലും തിക്കിലും തിരക്കിലുമായി പരുക്കേറ്റവരെ അവിടെയുണ്ടായിരുന്ന വാഹനങ്ങളിലും ആംബുലൻസുകളിലുമായി 100 മീറ്റർ അപ്പുറത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 9.39ന് വിവരമറിഞ്ഞ ഫയർഫോഴ്സ് ഏലൂരിൽനിന്നു പാഞ്ഞെത്തി. ഹാളിനകത്തെ പുകയും തീയും അണച്ച ശേഷമാണു പൊള്ളലേറ്റു ഹാളിൽ വീണുകിടന്നിരുന്ന സ്ത്രീയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയത്.
ആർക്കൊക്കെ അപകടം പറ്റിയെന്നറിയാതെ ഹാളിലുണ്ടായിരുന്നവർ വിഷമിച്ചു. ഏറെ നേരം അന്വേഷിച്ച ശേഷമാണു പലർക്കും ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞത്.
ബാഗുകളും ചെരിപ്പുകളും കസേരകളും ഹാളിനുള്ളിൽ ചിതറിക്കിടപ്പുണ്ടായിരുന്നു.
ഹാളിനുള്ളിലെ സാധനങ്ങൾ അന്വേഷണം പൂർത്തിയായ ശേഷമേ മടക്കിക്കിട്ടൂ. പലരുടെയും വീടുകളുടെ താക്കോലും ഹാളിനകത്തായിരുന്നു.
പൊട്ടിത്തെറി പ്രാർഥനയ്ക്കിടയിൽ;പിന്നാലെ തുടർ സ്ഫോടനങ്ങളും
കൊച്ചി∙ ‘എല്ലാവരും കണ്ണടച്ചുനിന്നു പ്രാർഥിക്കുകയായിരുന്നു. വലിയ പൊട്ടിത്തെറി കേട്ടതിനൊപ്പം മുഖത്തു ശക്തമായ ചൂടേറ്റു. കണ്ണുതുറന്നു നോക്കുമ്പോൾ തൊട്ടരികെ തീ കത്തുന്നു. എന്റെ കാലിലും കയ്യിലും പൊള്ളലേറ്റു. മുടിയും കരിഞ്ഞു പോയി. ഇതിനിടയ്ക്ക് ഹാളിലെ കറന്റ് പോയി. ആദ്യം നോക്കിയത് ഒപ്പമിരുന്ന കൂട്ടുകാരെയാണ്. അവർ പുറത്തേക്കോടുന്നതു കണ്ടു. പിന്നാലെ ഞാനും ഓടി. ഇടയ്ക്കു കസേരയിൽ തട്ടിത്തടഞ്ഞു വീണു. പലരും ഹാളിനുള്ളിൽ വീണു കിടക്കുന്നുണ്ടായിരുന്നു. അപ്പോൾ വീണ്ടും പിന്നിൽ പൊട്ടിത്തെറികളുണ്ടായി. വാതിൽ എവിടെയെന്നു കൃത്യമായി അറിയാമായിരുന്നതിനാലാണ് ഇരുട്ടായിട്ടും പുറത്തിറങ്ങാനായത്.’
–ഇതു വിവരിക്കുമ്പോൾ സ്ഫോടനത്തിൽ പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കാലടി സ്വദേശിയായ പതിനാലുകാരൻ അശ്വിന്റെ കണ്ണുകളിൽ നിറയെ ഭീതിയായിരുന്നു. ശ്രീനാരായണ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ അശ്വിന്റെ ഇരുകൈകളിലും കാലിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
അശ്വിന്റെ തൊട്ടടുത്ത കിടക്കയിൽ സുഹൃത്തായ സാവിയോ (12) ആണുള്ളത്. സാവിയോയുടെയും കാലിലാണു പൊള്ളൽ. സ്ഫോടനം നടക്കുമ്പോൾ സാവിയോയുടെ അച്ഛൻ ബിജേഷും മാതാവും ഹാളിലുണ്ടായിരുന്നു. തീയും പുകയും ഉയർന്നപ്പോൾ നടക്കാൻ പ്രയാസമുള്ള അമ്മയെ സുരക്ഷിതമായി ഹാളിനു പുറത്തെത്തിക്കാനാണു താൻ ആദ്യം ശ്രമിച്ചതെന്നും ബിജേഷ് പറഞ്ഞു.
പൊള്ളലേറ്റ മഞ്ഞപ്ര സ്വദേശിനി ടിന്റുവും മകൻ ജൊനാഥനും മരവിപ്പിലാണ്. ‘ഇത്രയും പേടിപ്പിക്കുന്ന അനുഭവം മുൻപുണ്ടായിട്ടില്ല. എന്റെ മകനുൾപ്പെടെ കുട്ടികളെല്ലാം കുറച്ചു മാറി മുന്നിൽ ഒരു നിരയായാണു നിന്നത്. പൊട്ടിത്തെറിയുണ്ടായപ്പോൾ ആദ്യം നോക്കിയതു മകനെയാണ്. കാണാഞ്ഞപ്പോൾ പരിഭ്രാന്തിയായി. അവനെ തിരയുന്നതിനിടെയാണു വീണ്ടും സ്ഫോടനമുണ്ടായത്. ഒടുവിൽ പരിഭ്രാന്തരായ കുട്ടികൾക്കിടയിൽ കാലിൽ പൊള്ളലേറ്റ നിലയിൽ അവനെ കണ്ടെത്തി.’
എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം
തിരുവനന്തപുരം ∙ കളമശേരി ബോംബ് സ്ഫോടനം അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാറാണു സംഘത്തലവൻ.
21 അംഗ സംഘത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ, തൃക്കാക്കര അസി. കമ്മിഷണർ പി.വി ബേബി, എറണാകുളം ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.രാജ്കുമാർ, കളമശേരി സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ദാസ്, കണ്ണമാലി സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കുറുപ്പുംപടി സ്റ്റേഷൻ ഇൻസ്പെക്ടർ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ ബിജു ജോൺ ലൂക്കോസ് എന്നിവരും മറ്റ് 11 പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. എസ്.ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.