സ്ഫോടനം: ജാഗ്രത;കർശന പരിശോധന
Mail This Article
തിരുവനന്തപുരം / ന്യൂഡൽഹി ∙ കളമശേരി സ്ഫോടനത്തിനു പിന്നാലെ പൊലീസ് കേരളത്തിലാകെ ജാഗ്രതാ നിർദേശം നൽകി. അതിർത്തികളിൽ പരിശോധന കർശനമാക്കി. അവധിയിലുള്ള പൊലീസുകാരെ തിരിച്ചുവിളിച്ചു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കി. പ്രധാന കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ പരിശോധനയ്ക്കായി എത്താൻ കഴിയുംവിധം ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. രാത്രികാല വാഹനപരിശോധനയും ശക്തമാക്കി. വിവിധ മേഖലകളിൽ സംശയാസ്പദമായി കാണുന്ന വാഹനങ്ങളെയും വ്യക്തികളെയും പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.
ഡൽഹിയിൽ പള്ളികൾക്കു സുരക്ഷ ശക്തമാക്കി. പൊതു സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കി. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കു കടക്കുന്ന അതിർത്തികളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നു. ദീപാവലി ഉത്സവകാലം കണക്കിലെടുത്തു കൂടുതൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സിവിൽ വേഷത്തിലും വിന്യസിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. ആരാധനാലയങ്ങളിലും നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ തമിഴ്നാടും കർണാടകയും നിരീക്ഷണം ശക്തിപ്പെടുത്തി.
ചികിത്സ നൽകാൻ കോട്ടയം സംഘവും
ഏറ്റുമാനൂർ ∙ കളമശേരി ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റവർക്കു വിദഗ്ധ ചികിത്സയൊരുക്കാൻ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘവും. പ്ലാസ്റ്റിക് സർജറി വിഭാഗം അസി. പ്രഫസർ ഡോ. ടി.പി.സാബുവിന്റെ നേതൃത്വത്തിൽ ഡോ. നീമ, ഡോ. ഇർഫാൻ, ഡോ. ഫിലിപ്, ഡോ. പോൾ എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം മെഡിക്കൽ കോളജിലേക്കു പോയത്.