ഉമ്മൻ ചാണ്ടി ജന്മവാർഷികം: ഇന്ന് സാന്ത്വനദിനം; 1001 വൊളന്റിയർമാരുടെ ‘ഒസി ആശ്രയസേന’ തയാർ
Mail This Article
തിരുവനന്തപുരം ∙ ജീവിച്ചിരുന്നപ്പോൾ എല്ലാ പിറന്നാളിനും കാരുണ്യത്തിന്റെ മധുരം പങ്കിട്ടിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 80–ാം ജന്മദിനത്തിൽ ആ പ്രവർത്തനം കുടുംബവും സഹപ്രവർത്തകരും ഏറ്റെടുക്കും. ഉമ്മൻ ചാണ്ടി അന്തരിച്ചശേഷമുള്ള ആദ്യ ജന്മദിനമാണിന്ന്. ജന്മനാടായ പുതുപ്പള്ളിയിലും കർമ മണ്ഡലമായിരുന്ന തിരുവനന്തപുരത്തും ഒട്ടേറെ സാന്ത്വന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് സാന്ത്വനദിനമായി ആചരിക്കുമെന്നു മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കുർബാന നടക്കും. പുതുപ്പള്ളി മണ്ഡലത്തിൽ ഉപയോഗിക്കാനുള്ള ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. ‘ഒസി ആശ്രയ സേന’ എന്ന പേരിൽ 1001 വൊളന്റിയർമാരുടെ കർമസേനയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സർവമത പ്രാർഥനയും അനുസ്മരണ സമ്മേളനവുമുണ്ട്. സേവന പ്രവർത്തനത്തിനായി ഉമ്മൻ ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിന്റെ ഓഫിസ് മന്ദിരത്തിന് ഇന്ന് അകലക്കുന്നിൽ ശിലയിടും. മണ്ഡലത്തിലെ എല്ലാ അനാഥമന്ദിരങ്ങളിലും ഭക്ഷണം നൽകും. വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥന.
തിരുവനന്തപുരത്തെ ജന്മദിനപരിപാടികളിൽ ഭാര്യ മറിയാമ്മയും മകൾ മറിയയും പങ്കെടുക്കും. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ‘ഉമ്മൻ ചാണ്ടി കൾചറൽ ഫോറ’ത്തിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കുള്ള സഹായവിതരണമുണ്ടാകും. കണിയാപുരം കലാനികേതനും അബുദാബിയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറവും ചേർന്നു 30 കാൻസർ രോഗികൾക്ക് ആകെ 2 ലക്ഷം രൂപയുടെ ചികിത്സാ സഹായം പുതുപ്പള്ളി ഹൗസിൽ വച്ചു നൽകും.
‘സ്നേഹം പ്രപഞ്ചത്തോളം’ എന്നു പേരിട്ട പരിപാടിയിൽ മറിയാമ്മ ഉമ്മൻ ചാണ്ടി ചികിത്സാ സഹായം നൽകും. 2016 മുതൽ തിരുവോണം കാൻസർ രോഗികൾക്കൊപ്പമായിരുന്നു ഉമ്മൻ ചാണ്ടി ചെലവിട്ടത്. കെപിസിസിയിലെ അനുസ്മരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പുസ്തകശേഖരം അടങ്ങിയ ‘ഉമ്മൻ ചാണ്ടി ബുക്ക് ഗാലറി’ ഉദ്ഘാടനം ചെയ്യും. ഡിസിസികളും പോഷക സംഘടനകളും സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.