കേന്ദ്രമന്ത്രി വിടുവായൻ: മുഖ്യമന്ത്രി; മുഖ്യമന്ത്രി നുണയൻ: കേന്ദ്രമന്ത്രി
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ നുണയനാണെന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; രാജീവ് ചന്ദ്രശേഖർ വിടുവായനാണെന്ന് തിരിച്ചടിച്ചു പിണറായി. കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം നടത്തിയ വ്യത്യസ്ത വാർത്താ സമ്മേളനങ്ങളിലാണു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പരസ്പരം ആക്രമിച്ചത്.
കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വർഗീയവാദി, വിഷം ചീറ്റൽ തുടങ്ങിയ പ്രയോഗങ്ങൾ മുഖ്യമന്ത്രി നിർത്തണം. മുഖ്യമന്ത്രിയുടെ കഴിവുകേടിനെയും അഴിമതിയെയും പ്രീണന രാഷ്ട്രീയത്തെയും മറയ്ക്കാനുള്ള മറയാണ് ആ പ്രയോഗങ്ങളെന്നും കേന്ദ്രമന്ത്രി പറഞ്ഞു.