കളമശേരി സ്ഫോടനം: ഒരു പകൽ നീണ്ട അഭ്യൂഹങ്ങൾ; ലെയോണയെ തിരിച്ചറിഞ്ഞത് 14 മണിക്കൂറിനു ശേഷം
Mail This Article
പെരുമ്പാവൂർ ∙ ഒരു പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഇരിങ്ങോൾ നിവാസികൾ തിരിച്ചറിഞ്ഞു, കളമശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് തങ്ങളുടെ അയൽവാസി തന്നെ. ഗൃഹനാഥ പൂട്ടിപ്പോയ ഗേറ്റ് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഇരിങ്ങോൾ മിത്രം റസിഡന്റ്സ് അസോസിയേഷനിലെ താമസക്കാരി പുളിയൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ലെയോണ (55)യാണ് സ്ഫോടനത്തിൽ സംഭവ സ്ഥലത്ത് ആദ്യം മരിച്ചത്. രാവിലെ 9.30ന് നടന്ന സ്ഫോടനത്തിൽ ലെയോണ മരിച്ചെങ്കിലും തിരിച്ചറിഞ്ഞത് രാത്രി 11.30നാണ്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പാദസരം ആണ് തിരിച്ചറിയാൻ സഹായിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കൺവൻഷനിൽ പങ്കെടുക്കാൻ ലെയോണ പോയിരുന്നതായി സമീപവാസിയായ ശ്രീമ പറഞ്ഞു. ഞായറാഴ്ച രാവിലെയും പോകുന്നതു കണ്ടു. സാധാരണ നിലയിൽ രാവിലെ സുവിശേഷ പ്രവർത്തനത്തിനു പോകുന്ന ഇവർ രാത്രിയാണു തിരിച്ചെത്തുന്നത്. അതിനാൽ വൈകിട്ടു വരെ സംശയങ്ങളൊന്നും തോന്നിയില്ല. രാത്രി വാർഡ് അംഗം കുര്യൻ പോൾ സമീപ വീട്ടിലേക്കു വിളിച്ച് ലെയോണ വീട്ടിലെത്തിയോ എന്നു ചോദിച്ചപ്പോഴാണു സംശയമുദിച്ചത്. പിന്നീട് പൊലീസ് എത്തി മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചു സ്ഥിരീകരിച്ചു. ബാബു പോൾ ആണ് ലെയോണയുടെ മകൻ. മരുമകൾ: ആഷ്‌ലി. ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കൂ. സംസ്കാരം തീരുമാനിച്ചിട്ടില്ല.