ഉമ്മൻ ചാണ്ടിയുടെ 80–ാം ജന്മവാർഷികം; പുതുപ്പള്ളിയിലേക്ക് ജനമൊഴുകി ‘ഒസി കർമസേന’ തയാർ
Mail This Article
പുതുപ്പള്ളി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 80–ാം ജന്മവാർഷികദിനത്തിൽ കല്ലറയിലേക്കും സമ്മേളനഹാളിലേക്കും ഒഴുകിയെത്തിയത് നൂറുകണക്കിനുപേർ. കനത്ത മഴയെ അവഗണിച്ചും ദീപ്തമായ ഓർമകളുമായി ‘സാന്ത്വനദിന’ത്തിൽ ജനക്കൂട്ടം പുതുപ്പള്ളിയിലേക്കെത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ നടന്ന കുർബാനയിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ 1001 അംഗ ‘ഒസി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്’ വൊളന്റിയർമാർക്ക് പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കർമസേനയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രസംഗിക്കുന്നില്ലെന്നു പറഞ്ഞു തുടങ്ങിയ വയലാർ രവി ‘എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ ഓർമകൾക്ക് മുന്നിൽ ഞാൻ കൈകൂപ്പുന്നു’ എന്ന ഒറ്റവരി പറഞ്ഞ് അവസാനിപ്പിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
അപ്പയുടെ ജന്മവാർഷികത്തിൽ ഏറ്റവും ഉചിതമായ രീതിയെന്ന നിലയിലാണ് സാന്ത്വനദിനമായി ആചരിച്ചതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്തെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും പുതുപ്പള്ളിയിൽ എത്തിയിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് എന്നിവർ വയലാർ രവിയെ സ്വീകരിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി കൈവല്യാനന്ദ സരസ്വതി, ഫാ. സഖറിയ തോമസ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം അബു ഷമാസ് മൗലവി എന്നിവർ പ്രാർഥന ചൊല്ലി. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, മാണി കല്ലാപ്പുറത്ത് കോറെപ്പിസ്കോപ്പ, ഫാ. ഡോ.മാണി പുതിയിടം, മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ഇ.എം.സോമനാഥൻ, സംഘാടക സമിതി ചെയർമാൻ ജോഷി ഫിലിപ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുഷ്പാർച്ചനയും ബ്ലോക്ക്, നിയോജക മണ്ഡലം കമ്മിറ്റികൾ അന്നദാനവും നടത്തി. മണ്ഡലത്തിൽ ആരംഭിക്കുന്ന സൗജന്യ ആംബുലൻസ് സർവീസിന്റെ താക്കോൽദാന ചടങ്ങും നടത്തി. അകലക്കുന്നത്ത് ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാനമന്ദിരത്തിനു ശിലാസ്ഥാപനവും നടത്തി. പള്ളിയിൽ രാവിലത്തെ കുർബാനയ്ക്ക് ഫാ. കുര്യൻ തോമസ് കരിപ്പയിൽ കാർമികത്വം വഹിച്ചു.