വള്ളത്തിൽ ബോട്ടിടിച്ച് തെറിച്ചുവീണു; വിദ്യാർഥിനി തോട്ടിൽ മുങ്ങിമരിച്ചു
Mail This Article
കുമരകം ∙ അമ്മയ്ക്കും അനുജത്തിക്കും മുത്തച്ഛനുമൊപ്പം വള്ളത്തിൽ സ്കൂളിലേക്കു പോയ അനശ്വരയുടെ ജീവൻ ആഴങ്ങളിൽ പൊലിഞ്ഞു. രണ്ടു കൊച്ചുമക്കളെയും കയറ്റി എന്നും വള്ളം തുഴഞ്ഞിരുന്ന മുത്തച്ഛൻ മോഹനൻ ഇന്നലെ നടത്തിയ രക്ഷാശ്രമങ്ങളെല്ലാം പാഴായി. കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെ മകൾ അനശ്വര (12) ആണു പെണ്ണാർത്തോട്ടിൽ മുങ്ങിമരിച്ചത്. അനശ്വരയും കുടുംബവും യാത്ര ചെയ്തിരുന്ന വള്ളവും ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാവിലെ 8.15നു കോലടിച്ചിറ ഭാഗത്താണു സംഭവം.
സഹോദരി ദിയയും അമ്മ രേഷ്മയും ഒപ്പമുണ്ടായിരുന്നു. യന്ത്രം ഘടിപ്പിച്ച വള്ളം മുത്തച്ഛൻ മോഹനനാണു നിയന്ത്രിച്ചിരുന്നത്. അനശ്വരയും ദിയയും സ്കൂളിലേക്കും രേഷ്മ ചീപ്പുങ്കലിലെ സ്വകാര്യ ബാങ്കിൽ ജോലിക്കും പോവുകയായിരുന്നു. ബോട്ട് അടുത്തെത്തുന്നതു കണ്ട് ഭയന്ന് വള്ളത്തിൽ എഴുന്നേറ്റുനിന്ന അനശ്വര ഇടിയുടെ ആഘാതത്തിൽ വെള്ളത്തിലേക്കു തെറിച്ചുവീണു. മോഹനനോടൊപ്പം ബോട്ടിലെ 2 ജീവനക്കാരും വെള്ളത്തിൽച്ചാടി തിരഞ്ഞെങ്കിലും അനശ്വരയെ രക്ഷിക്കാനായില്ല. കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ.