കളമശേരി സ്ഫോടനം: ഉള്ളം പൊള്ളി ഒരഛ്ഛൻ; ദുരന്തം ഏറ്റുവാങ്ങി പ്രദീപന്റെ കുടുംബം
Mail This Article
കൊച്ചി ∙ ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ ദുഃഖം കടിച്ചമർത്തി പ്രദീപൻ നിന്നു. ഇടത്തെ കൈയിൽ ചുറ്റിപ്പിടിച്ച തോർത്തുമുണ്ടിൽ ഇടയ്ക്കിടെ കണ്ണീരൊപ്പി. കളമശേരി സ്ഫോടനത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയത് പ്രദീപന്റെ കുടുംബമാണ്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട മകൾ ലിബ്‌നയുടെ (12) മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. ഗുരുതരമായി പരുക്കേറ്റ ഭാര്യ സാലിയും (45) മകൻ പ്രവീണും (24) ആസ്റ്റർ ഐസിയുവിൽ വെന്റിലേറ്ററിലാണ്. ലിബ്‌നയുടെ മരണവിവരം സാലിയും പ്രവീണും അറിഞ്ഞിട്ടില്ല. ഇളയ മകൻ രാഹുൽ (21) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മലയാറ്റൂരിൽ താമസിക്കുന്ന കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലിയും 3 മക്കളുമാണു കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിൽ പങ്കെടുത്തത്. മാറമ്പിള്ളിയിലെ കോളജ് ഹോസ്റ്റലിൽ പാചകജോലിയുണ്ടായിരുന്നതിനാൽ പ്രദീപൻ പങ്കെടുത്തില്ല.
ഞായറാഴ്ച അർധരാത്രിക്കു ശേഷമാണു ലിബ്‌നയുടെ മരണം സ്ഥിരീകരിച്ചത്. നീലീശ്വരം എസ്‌എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മയും സഹോദരങ്ങളും ചികിത്സയിലായതിനാൽ സംസ്കാര സമയം തീരുമാനിക്കാൻ കഴിയാത്തതുകൊണ്ടാണു മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ചെന്നൈയിൽ മറൈൻ മെക്കാനിക്കായ പ്രവീൺ കൺവൻഷനിൽ പങ്കെടുക്കാൻ 10 ദിവസത്തെ അവധിക്കു വന്നതാണ്. രാഹുൽ വിദ്യാർഥിയാണ്. പാചകക്കാരനായ പ്രദീപൻ 3 വർഷമായി മലയാറ്റൂരിലാണു താമസം. മഞ്ഞപ്രയ്ക്കടുത്ത് ചന്ദ്രപ്പുരയാണു തറവാടു വീട്.