പിരിക്കുന്ന പണം ഉടൻ ട്രഷറിയിലേക്ക് മാറ്റണം
Mail This Article
തിരുവനന്തപുരം∙ എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവർ പിരിക്കുന്ന പണം അന്നോ പിറ്റേന്നോ തന്നെ ട്രഷറിയിലേക്കു മാറ്റണമെന്നും ഇതു പാലിക്കാത്ത ഉദ്യോഗസ്ഥരിൽ നിന്നു പലിശ സഹിതം തുക ഇൗടാക്കുമെന്നും ധനവകുപ്പിന്റെ അന്ത്യശാസനം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇപ്രകാരം പരമാവധി പണം സർക്കാർ ഖജനാവിലേക്ക് എത്തിക്കാനുള്ള ഇൗ ശ്രമം. ജനങ്ങളിൽ നിന്നു വിവിധ ഇനങ്ങളിൽ പിരിക്കുന്ന പണം ചില വകുപ്പുകൾ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ആ തുക ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുന്ന വകുപ്പുകളും മാസങ്ങൾക്കു ശേഷം ഒരുമിച്ചു ട്രഷറിയിലേക്കു കൈമാറുന്ന വകുപ്പുകളുമുണ്ട്.
ഭരണഘടന പ്രകാരം സർക്കാർ പിരിക്കുന്ന പണവും എടുക്കുന്ന വായ്പയും സർക്കാരിന്റെ ഏകീകൃത ഫണ്ടിലും മറ്റെല്ലാ വരുമാനങ്ങളും പബ്ലിക് അക്കൗണ്ടിലുമാണ് സൂക്ഷിക്കേണ്ടതെന്ന് ധനവകുപ്പ് ഓർമിപ്പിച്ചു. ചില സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവർ പിരിക്കുന്ന ഫീസ്, നിരക്കുകൾ, പിഴ തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇത്തരം വരുമാനങ്ങളെല്ലാം ഓൺലൈനായി ട്രഷറിയിൽ നേരിട്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടു.