വാക്കുകൊണ്ടു വടിയെടുത്ത് കെപിസിസി പ്രസിഡന്റ്;ഇറങ്ങിപ്പോകാൻ ഒരുങ്ങിയ പ്രവർത്തകർക്ക് ശകാരം
Mail This Article
കൊല്ലം∙ പാർട്ടി നേതാക്കളെ നേരെയാക്കാൻ വാക്കുകൊണ്ടു വടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്നലെ നടന്ന കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനത്തിലാണു രണ്ടു തവണ കെ.സുധാകരൻ ശകാരിച്ചത്. സുധാകരന്റെ പ്രസംഗത്തിനു ശേഷം ഇറങ്ങിപോകാൻ ഒരുങ്ങിയവരെ ആദ്യം വഴക്കു പറഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസംഗത്തിനു ശേഷം ഇറങ്ങിപോകാൻ ഒരുങ്ങിയവരെയും വീണ്ടും രൂക്ഷമായ ഭാഷയിൽ ശകാരിച്ചു. അപ്പോൾ വേദിയിൽ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷന്റെ വാക്കുകൾ ഇങ്ങനെ
എവിടെയെയാണ് എല്ലാവരും എഴുന്നേറ്റു പോകുന്നത്? നിങ്ങൾക്ക് മൂന്നു മണിക്കൂർ ഈ പാർട്ടിയുടെ സീരിയസ് മീറ്റിങ്ങിൽ ഇരിക്കാൻ പറ്റൂല്ലെങ്കിൽ പിന്നെ എന്തു നേതാക്കന്മാരാണെന്ന് എനിക്കു സംശയമുണ്ട്. പാർട്ടി നന്നാക്കുന്നവരാണോ നിങ്ങൾ ? നിങ്ങൾ വലിയ ആളുകളെ പോലെ പൊതുയോഗത്തിൽ കയറി പ്രസംഗിക്കും. ഈടുറ്റ പ്രസംഗം. പാർട്ടിയുടെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ആ മീറ്റിങ് കഴിയും മുൻപേ ഇറങ്ങി പോകുന്നത് എന്തിന് ?
ആ കസേരയൊക്കെ കണ്ടോ? എത്ര കസേര ഒഴിവാണ്. ഞങ്ങൾ എന്താ ഇവിടെ വേറെ എന്തു പണിക്കു വന്നതാ ? ഞങ്ങൾ നിങ്ങളുടെ പാർട്ടി പറഞ്ഞു വന്നതല്ലേ? നിങ്ങളല്ലേ ഈ പാർട്ടിയുണ്ടാക്കേണ്ടവർ. നിങ്ങൾക്ക് കേൾക്കാൻ മനസ്സിലെങ്കിൽ ഞങ്ങൾ എന്തിനാണ് ഇങ്ങോടു വന്നത്. ഞങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ഞങ്ങൾ പുറത്തു നിന്നു വന്നവരല്ലേ? ആദ്യം പറഞ്ഞു എഴുന്നേറ്റു പോകരുതെന്ന്. അപ്പോൾ കുറച്ചുപേർ തിരികെ കസേരയിൽ ഇരുന്നു. ഇപ്പോൾ വീണ്ടും കസേര എല്ലാം കാലിയായി. ഇനി ആരോടാണ് പ്രസംഗിക്കേണ്ടത്.
പ്രസംഗിക്കണ്ട, നിർത്തിക്കോ (അപ്പോൾ പ്രസംഗിച്ചു കൊണ്ടിരുന്ന ബൽറാമിനോടായി പറഞ്ഞു).
എന്ത് അപമാനിക്കലാണ് നമ്മളെ.നിങ്ങളുടെ വർക്കിങ് പ്രസിഡന്റാണ് പ്രസംഗിക്കുന്നത്. നിങ്ങളെല്ലാം പോവാണ്. മീറ്റിങ്ങുകളിൽ പ്രസംഗിക്കും പാർട്ടിയുണ്ടാക്കണം, സിപിഎമ്മിനെ തകർക്കണം, ബിജെപിയെ തകർക്കണം എന്നൊക്കെ. നിങ്ങളെ ആരെ തകർക്കാനാണ്. നിങ്ങൾ എന്തു കുന്തം അനക്കാനാ ? രാവിലെ ഇവിടെ 1000 പേരുണ്ടായിരുന്നു. ഒരാള് മനസ്സ് കാട്ടിയാൽ രണ്ട് ബൂത്ത് കമ്മിറ്റിയുണ്ടാക്കാം. സാധിക്കുമോ? എവിടെ സാധിക്കാൻ. നിങ്ങൾ നന്നാവൂല്ല. ‘ഞാൻ നന്നാവൂല്ല മാമാ, എന്നെ അടിക്കണ്ട’ എന്നു പറയുമ്പോലെയാണ്. നിങ്ങളെ വഴക്കു പറഞ്ഞ് എന്റെ ശബ്ദം കളഞ്ഞിട്ടു കാര്യമില്ല. സലാം. വഴക്കുകേട്ട് ഇരുന്നവരോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്, അല്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകുമായിരുന്നു.
കെപിസിസി അധ്യക്ഷന്റെ നല്ല മനസ്സുകൊണ്ടാണ് ശകാരിച്ചതെന്നും വാക്കുകളൊന്നും മനസ്സിൽ പതിയരുതെന്ന് പ്രവർത്തകരോടും മാധ്യമപ്രവർത്തരോടും തുടർന്നുള്ള പ്രസംഗത്തിൽ ബൽറാം അഭ്യർഥിച്ചു.