ബോംബ് നിർമിച്ചത് അത്താണിയിലെ ഫ്ലാറ്റിൽ; തെളിവും കിട്ടി
Mail This Article
കൊച്ചി ∙ കളമശേരിയിൽ സ്ഫോടനത്തിനുപയോഗിച്ച ബോംബ് നെടുമ്പാശേരി അത്താണിയിലെ ഫ്ലാറ്റിലാണു നിർമിച്ചതെന്ന പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. റിമോട്ടുകളും ബോംബ് നിർമിക്കാനുപയോഗിച്ചതിന്റെ ബാക്കി ബാറ്ററി, വയറുകൾ എന്നിവയും പൊലീസ് ഇവിടെനിന്നു കണ്ടെടുത്തു.
മാർട്ടിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്. സ്ഫോടനത്തിനുശേഷം ഫ്ലാറ്റിൽ മടങ്ങിയെത്തി റിമോട്ടുകൾ ഇവിടെ സൂക്ഷിച്ച ശേഷമാണു കൊരട്ടിയിലെ ഹോട്ടലിലേക്കു പോയതെന്നു മാർട്ടിൻ വിശദീകരിച്ചു.
ബോംബ് നിർമാണവസ്തുക്കൾ സംഘടിപ്പിച്ചതു മുതൽ ബോംബുണ്ടാക്കിയതു വരെയുള്ള എല്ലാ കാര്യങ്ങളും പ്രതി വിശദമാക്കി. നിർമാണത്തിന്റെ ചില ഘട്ടങ്ങൾ ചെയ്തും കാണിച്ചു. സ്ഫോടനദിവസം രാവിലെ മുതൽ കൊരട്ടി സ്റ്റേഷനിൽ കീഴടങ്ങുംവരെ മാർട്ടിനൊപ്പം മറ്റാരുമുണ്ടായിരുന്നില്ലെന്നതു പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ പ്രവൃത്തികൾക്കെല്ലാമുള്ള തെളിവുകൾ മാർട്ടിന്റെ പക്കൽനിന്നു തന്നെ ലഭിച്ചു. ഫോൺ കോൾ വിവരങ്ങളും ഡിജിറ്റൽ ഇടപെടലുകളും മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്നതാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധരും ബോംബ് നിർവീര്യമാക്കൽ യൂണിറ്റും പരിശോധനയിൽ പങ്കെടുത്തു.
വൈകിട്ട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ മാർട്ടിനെ ഈ മാസം 29 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. കേസ് സ്വന്തം നിലയിൽ വാദിക്കാൻ മാർട്ടിനു കോടതി അനുവാദം നൽകി. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിനു പൊലീസ് ഇന്ന് അപേക്ഷ നൽകും.
വിദ്വേഷപ്രചാരണം: മന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ കേസ്
കൊച്ചി ∙ കളമശേരി സ്ഫോടനത്തെ ഹമാസ് ആക്രമണവുമായി താരതമ്യപ്പെടുത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു.
എറണാകുളം സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. വിദ്വേഷപ്രചാരണം നടത്തിയ ഫെയ്സ്ബുക് അക്കൗണ്ട് രാജീവ് ചന്ദ്രശേഖറിന്റേതു തന്നെയെന്നുറപ്പിക്കാനുള്ള പരിശോധനകളാകും ആദ്യഘട്ടത്തിൽ നടത്തുക.
രാഹുൽ ഗാന്ധിയും പിണറായി വിജയനും തനിക്കെതിരെ സംയുക്തമായി കേസ് എടുത്തിരിക്കയാണെന്നു രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടു നേതാക്കളും വർഗീയ പ്രീണനം നടത്തുന്നവരാണെന്ന ആരോപണം ആവർത്തിച്ചിട്ടുമുണ്ട്.