ADVERTISEMENT

തിരുവനന്തപുരം∙ നിക്ഷേപകർക്കു 490 കോടി രൂപ മടക്കി നൽകാനില്ലാതെ പ്രതിസന്ധിയിലുള്ള കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) തലപ്പത്തു മാറ്റം. സിഎംഡി ബി. അശോകിനു പകരം ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറെ സർക്കാർ നിയമിച്ചു. 

കെഡിഡിഎഫ്സിക്ക് 780 കോടി രൂപ വായ്പ കുടിശികയുള്ള സ്ഥാപനമാണ് കെഎസ്ആർടിസി. ഇതെച്ചൊല്ലി രണ്ടു മേധാവികളും തമ്മിൽ അടുത്തിടെ വാക്‌പോരു നടന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു സ്ഥാപനത്തിനും ഒരേ ആൾ തന്നെ മേധാവിയാവുന്നത്. ‌

കെടിഡിഎഫ്സിയിൽ‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നു നിക്ഷേപകരുടെ പരാതിയിൽ കടുത്ത നടപടികളിലേക്കു കടക്കാനൊരുങ്ങുകയാണു റിസർവ് ബാങ്ക്. 21 ദിവസത്തിനകം പണം തിരികെ നൽകുന്നതിൽ നടപടിയെടുത്ത് അറിയിച്ചില്ലെങ്കിൽ ബാങ്കിങ് റജിസ്ട്രേഷൻ റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്. 

നിക്ഷേപത്തിനു ഗാരന്റി നിന്ന സംസ്ഥാന സർക്കാർ, പക്ഷേ പണം തിരിച്ചുനൽകാൻ ബാധ്യതയില്ലെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിലപാടെടുത്തത് കോടതിയുടെ നിശിത വിമർശനത്തിനു കാരണമായി. നിലപാട് സംസ്ഥാനത്തിനു നാണക്കേടാണെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. 

കെടിഡിഎഫ്സിയിൽനിന്ന് 2018ൽ കെഎസ്ആർടിസി വായ്പയെടുത്ത 350 കോടി രൂപയാണു പലിശയും പിഴപ്പലിശയുമായി ഇപ്പോൾ 780 കോടി രൂപയുടെ ബാധ്യതയിലെത്തി നിൽക്കുന്നത്. വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. രണ്ടു മാസം മുൻപു കെഎസ്ആർടിസിക്കു വേണ്ടി 55 കോടി രൂപ കെടിഡിഎഫ്സിക്ക് നൽകിയതൊഴിച്ചു സഹായമൊന്നും സർക്കാർ നൽകിയിട്ടുമില്ല. 

കെടിഡിഎഫ്സിയുടെ പ്രതിസന്ധിക്കു കാരണം ഭീമമായ വായ്പാ കുടിശിക വരുത്തിയ കെഎസ്ആർടിസി ആണെന്നു ബി.അശോക് മൂന്നാഴ്ച മുൻപു വിശദീകരിച്ചിരുന്നു. അമിത പലിശയിലാണു കെടിഡിഎഫ്സി പണം നൽകിയതെന്നുള്ള മറുപടിയുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും രംഗത്തു വന്നു. ഇതിനെല്ലാം പിന്നാലെയാണ് മാറ്റം.

English Summary:

Biju Prabhakar replaces B Ashok as KTDFC CMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com