കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാം: ഹൈക്കോടതിയിൽ ധനവകുപ്പ്
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ചവർക്കു പണം മടക്കി നൽകുന്നതിനാണിത്. ധനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർദേശം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലെ 4 ഷോപ്പിങ് കോംപ്ലക്‌സുകളിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തു പണം കണ്ടെത്തണമെന്നാണു നിർദേശം.
കെടിഡിഎഫ്സി നിക്ഷേപകരിൽ നിന്നു സമാഹരിച്ച പണത്തിന്റെ വലിയ പങ്കും കെഎസ്ആർടിസിക്കാണു വായ്പ നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളിലെ 4 ഷോപ്പിങ് കോംപ്ലക്‌സുകളും നിർമിച്ചതും കെടിഡിഎഫ്സിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്നലെ ഇതേ കേസിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വായ്പയെടുക്കുന്നതു സർക്കാരിന്റെ ഗാരന്റിയിൽ ആയിരിക്കെ കെടിഡിഎഫ്സിയിലെ നിക്ഷേപങ്ങൾക്കു സർക്കാർ ഗാരന്റി സാധ്യമല്ലെന്ന ധനവകുപ്പിന്റെ നിലപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സർക്കാർ ഗാരന്റി ഇല്ലെങ്കിൽ സ്ഥാപനങ്ങൾക്കു വായ്പ ലഭിക്കാത്ത അവസ്ഥ വരും. കിഫ്ബി, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങി തൊണ്ണൂറോളം സ്ഥാപനങ്ങൾക്കാണു സർക്കാർ ഗാരന്റി നിൽക്കുന്നത്.