തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും ഷോക്ക്
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം വൈദ്യുതി നിരക്കു വീണ്ടും കൂടും. കഴിഞ്ഞദിവസം നിലവിൽ വന്ന ചാർജ് വർധനയ്ക്ക്, അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ പ്രാബല്യം കൊടുക്കുന്നതിനു പകരം ജൂൺ 30 വരെയാണ് കാലാവധി നൽകിയത്. മാർച്ച് 31ന് അവസാനിച്ചിരുന്നുവെങ്കിൽ ഏപ്രിൽ ഒന്നിനു വീണ്ടും നിരക്കു വർധിപ്പിക്കേണ്ടി വരുമായിരുന്നു. ഏപ്രിൽ – മേയ് മാസങ്ങളിലായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ്. ജൂൺ 30 വരെ കാലാവധിയുള്ളതിനാൽ തിരഞ്ഞെടുപ്പിനിടെ നിരക്കുവർധന എന്ന പ്രതിസന്ധിയിൽനിന്നു സർക്കാരിനു തലയൂരാം.
അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു തീരുമാനിക്കാനുള്ള അപേക്ഷയാണ് റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് നേരത്തേ നൽകിയിരുന്നത്. 2023–24 ൽ യൂണിറ്റിന് ശരാശരി 40.6 പൈസ വർധിപ്പിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ശരാശരി 20 പൈസയുടെ വർധനയാണ് കമ്മിഷൻ അനുവദിച്ചത്. 2024–25 ൽ 31 പൈസയും 2025–26 ൽ 16.08 പൈസയും 2026–27 ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ അപേക്ഷയിൽ പറയുന്നത്.