കളമശേരി സ്ഫോടനം: ലിബ്നയുടെ സംസ്കാരം ഇന്ന്
Mail This Article
മലയാറ്റൂർ (കൊച്ചി) ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപന്റെ മകൾ ലിബ്നയുടെ (12) മൃതദേഹം ഇന്നു കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കരിക്കും.
ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30മുതൽ ഒരു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു മലയാറ്റൂർ-കോടനാട് പാലത്തിനു സമീപമുള്ള വാടക വീട്ടിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം മൃതദേഹം കൊരട്ടിയിലേക്കു കൊണ്ടു പോകും. കഴിഞ്ഞ തിങ്കളാഴ്ചയാണു ലിബ്നയുടെ മരണം സ്ഥിരീകരിച്ചത്.
ലിബ്നയുടെ മാതാവ് സാലിയും (റീന) മൂത്ത സഹോദരൻ പ്രവീണും ഇപ്പോഴും അതി ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. ലിബ്ന മരിച്ച വിവരം ഇവർ അറിഞ്ഞിട്ടില്ല. സഹോദരൻ രാഹുൽ ഗുരുതരാവസ്ഥയിൽ അല്ലെങ്കിലും ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്.
കൺവൻഷൻ ആരംഭിച്ച 27 മുതൽ സാലിയും പ്രവീണും രാഹുലും അവിടെയുണ്ടായിരുന്നു. പാചകത്തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്ക് മൂലം കൺവൻഷന് പോകാൻ കഴിഞ്ഞില്ല. സ്ഫോടനം നടന്ന 29നു രാവിലെയും 3 പേരും കൺവൻഷൻ സ്ഥലത്ത് ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നു. സാലിയും മകളും സ്ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്.