‘വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വിഎസ്; ഇഎംഎസിന് എതിരെയും നീക്കം നടത്തി’: ആത്മകഥയിൽ എം.എം.ലോറൻസ്
Mail This Article
കോട്ടയം ∙ സിപിഎമ്മിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടയാൾ വിഎസ് അച്യുതാനന്ദൻ ആണെന്നും ഇഎംഎസ് ഉൾപ്പെടെയുള്ള നേതാക്കളെ ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചെന്നും എം.എം ലോറൻസിന്റെ വെളിപ്പെടുത്തൽ. ഇന്നു പുറത്തിറങ്ങുന്ന ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണു ലോറൻസിന്റെ ആരോപണങ്ങൾ.
ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കേരള രാഷ്ട്രീയത്തിലെ സാന്നിധ്യം അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസിന് അസ്വസ്ഥത സൃഷ്ടിച്ചെന്നു ലോറൻസ് പറയുന്നു.
ഇഎംഎസ് പതിവായി എകെജി സെന്ററിലെത്തുന്നത് വിഎസിന് ഇഷ്ടപ്പെട്ടില്ല. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ട് ഒരേ ട്രെയിനിൽ വന്നിറങ്ങിയപ്പോൾ ഇഎംഎസിന് കൂടുതൽ മുദ്രാവാക്യം വിളികൾ കിട്ടിയതും വിഎസിനെ അസ്വസ്ഥനാക്കി. അന്ന് പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബസവ പുന്നയ്യയ്ക്കു രേഖാമൂലം വിഎസ് പലതവണ പരാതി കൊടുത്തു.
സൂര്യൻ ചൂടും പ്രകാശവും കുറഞ്ഞു കരിക്കട്ടയാകുന്നതു പോലെ ഇഎംഎസ് മാറുമെന്ന് വിഎസ് വിഭാഗത്തിലെ ഒരു നേതാവ് പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിച്ചു. തനിക്ക് എതിരെന്നു തോന്നുവരെ തിരഞ്ഞു പിടിച്ചു പ്രതികാരം ചെയ്യാൻ 1991ൽ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിനു ശേഷം ശ്രമിച്ചെന്നും ഇതാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കിയതെന്നും ലോറൻസ് പറയുന്നു.
പി.കെ.ചന്ദ്രാനന്ദനോടും ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എ.പി.കുര്യനോടും വിഎസിനു കലിയായിരുന്നു. വ്യക്തിപ്രഭാവം വർധിപ്പിക്കാൻ വി.എസ് പ്രത്യേകം സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഇതു കമ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ലെന്നും സംഘടനാ തത്വങ്ങൾക്കും വിരുദ്ധമായിരുന്നുവെന്നും ആത്മകഥയിലുണ്ട്.