സിപിഎം പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല: ആര്യാടൻ ഷൗക്കത്ത്
Mail This Article
മലപ്പുറം ∙ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ക്ഷണിച്ചാൽ കെപിസിസിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയെന്ന നിലയിൽ തന്റെ പ്രതികരണം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നൽകിയ മറുപടി പാർട്ടിയുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്. ഇതിനിടയിലാണ് സിപിഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.
നാളെ മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കം പങ്കെടുക്കുന്ന ജില്ലാ കോൺഗ്രസ് നേതൃയോഗമുണ്ട്. ജില്ലയിലെ 2 കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഷൗക്കത്തിന് വിലക്കുള്ള സാഹചര്യത്തിലാണ് യോഗം. ഷൗക്കത്ത് ഇല്ലാത്ത യോഗത്തിൽ അദ്ദേഹത്തിനൊപ്പമുള്ള മറ്റ് എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കുമോയെന്നതു നിർണായകമാണ്.