ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് സംസ്ഥാനാന്തര റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ തുടർന്നും നടത്താൻ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്കെടുക്കും. ആദ്യഘട്ടത്തിൽ 23 റൂട്ടുകളിലേക്ക് ലേലം വിളിക്കും. നാല് വർഷത്തിൽ താഴെ പഴക്കമുള്ള സൂപ്പർ ക്ലാസ് ലക്ഷ്വറി ബസുകളെയാണ് ക്ഷണിക്കുന്നത്. കെഎസ്ആർടിസി നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിൽ വേണം ബസുകൾ സർവീസ് നടത്താൻ. ‌

മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത സ്വകാര്യബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതിന് സീറ്റിന് 2500 രൂപ വീതം നികുതി അടയ്ക്കണം. കെഎസ്ആർടിസി വാടകയ്ക്കെടുത്താൽ ഇൗ നികുതിയില്ല. സർവീസിൽ നിന്നുള്ള ലാഭവിഹിതം കെഎസ്ആർടിസിക്കു നൽകണം.

സംസ്ഥാനാന്തര സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് 300 ബസുകളുടെ കുറവുണ്ട്. 100 ബസുകളെങ്കിലും ആദ്യഘട്ടത്തിൽ വാടകയ്ക്കെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ദീർഘദൂര സർവീസ് നടത്താൻ സൂപ്പർ ക്ലാസ് ബസുകൾ വാങ്ങിയിട്ട് എട്ടുവർഷം കഴിയുന്നു. ലാഭകരമായ ബെംഗളൂരു, മൂകാംബിക, മൈസൂരു, കോയമ്പത്തൂർ, സുള്ള്യ, സേലം എന്നീ സർവീസുകൾ പോലും മുടങ്ങുകയാണ്. ഇൗ പ്രതിസന്ധി പരിഹരിക്കാൻ ബസ് വാങ്ങുന്നതിന് പണവുമില്ല. മറ്റു സ്വകാര്യ സർവീസുകളോടു പിടിച്ചുനിൽക്കാൻ പഴഞ്ചൻ ബസുകൾ കൊണ്ടു സാധിക്കുന്നുമില്ല.

സർവീസുകൾ മുടങ്ങുന്നു

സംസ്ഥാനാന്തര സർവീസുകൾ മാത്രമല്ല ബസുകളുടെ കുറവും കാലപ്പഴക്കവും മൂലം പതിവായി മുടങ്ങുന്നത്. തിരുവനന്തപുരം –കോഴിക്കോട് ലോ ഫ്ലോർ സർവീസുകളും കേരളത്തിനകത്തെ ദീർഘദൂര സർവീസുകളിൽ മിക്കതും കഴിഞ്ഞ ദിവസങ്ങളിൽ നിർത്തലാക്കി. റിസർവേഷൻ നടത്തി ലാഭത്തിലോടിയിരുന്ന ലോഫ്ലോർ എസി പതിവ് സർവീസുകളും മുന്നറിയിപ്പില്ലാതെ നിർത്തലാക്കുകയാണ്. ബസുകളുടെ സ്പെയർപാർട്സ് വാങ്ങാൻ പോലും കെഎസ്ആർടിസിയുടെ പക്കൽ പണമില്ല.

English Summary:

KSRTC hires Private Buses for 23 Inter-State Routes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com