ആത്മകഥ എഴുതിയത് ആരോടും പകവച്ചല്ല; എഴുതിയത് കേട്ടറിവുകളിലെ നിരീക്ഷണം: എസ്.സോമനാഥ്
Mail This Article
തിരുവനന്തപുരം ∙ ആരോടും പക മനസ്സിൽ വച്ചല്ല ആത്മകഥ എഴുതിയതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. മുൻ ചെയർമാൻ കെ.ശിവനെതിരെ ഒന്നും പറഞ്ഞിട്ടില്ല. മുൻ ചെയർമാൻ ചെയ്തതു ശരിയോ തെറ്റോ എന്നു വിലയിരുത്തുകയല്ല, അത്തരം പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും സോമനാഥ് ‘മനോരമ’യോടു പറഞ്ഞു.
തനിക്കു ചെയർമാൻ സ്ഥാനം ലഭിക്കാതിരിക്കാൻ കെ.ശിവൻ ഇടപെട്ടുവെന്നും അദ്ദേഹത്തിന്റെ കാലത്തുണ്ടായ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയം ഒഴിവാക്കാമായിരുന്നതാണെന്നും ഉൾപ്പെടെ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയിൽ എസ്.സോമനാഥ് നടത്തിയ വെളിപ്പെടുത്തലുകൾ ഇന്നലെ മനോരമയിൽ വാർത്തയായതിനെ തുടർന്നായിരുന്നു സോമനാഥിന്റെ പ്രതികരണം.
‘ഞാൻ എഴുതിയത് വസ്തുതകളേക്കാൾ കേട്ടറിവുകളിലെ എന്റെ നിരീക്ഷണമാണ്. ഒരേ തസ്തികയിലേക്കു പരിഗണിക്കപ്പെടാവുന്ന ഒന്നിലധികം പേർ ഐഎസ്ആർഒയിൽ ഉള്ളതിനാൽ അവിടെ അധികാര വടംവലി എല്ലാക്കാലത്തും ഉണ്ടായിരുന്നു. അന്നത്തെ ചെയർമാന്റെ തീരുമാനങ്ങൾ ബാധിക്കപ്പെടാവുന്ന ഒരാളെന്ന നിലയിൽ എന്റെ നിരീക്ഷണമാണ് ഞാൻ എഴുതിയത്. അദ്ദേഹം മറിച്ചു ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് എന്റെ സ്ഥാനത്തു മറ്റൊരാൾ ആകുമായിരുന്നു. എനിക്കുവേണ്ടി ഞാൻ പരിശ്രമിച്ചുവെന്നു മാത്രം.
അദ്ദേഹം ചെയ്തതു തെറ്റാണോ ശരിയാണോ എന്നു വിധിക്കുക എന്റെ ലക്ഷ്യമല്ല’–സോമനാഥ് വ്യക്തമാക്കി. ‘ഇന്ത്യയിൽ നമ്മൾ തന്നെ നിർമിച്ച ചന്ദ്രയാൻ 3– ദൗത്യത്തിന്റെ വിജയം രാജ്യത്തെ കുട്ടികളിലും ശാസ്ത്ര താൽപര്യം ഉള്ളവരിലും വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. സാധാരണ പശ്ചാത്തലത്തിൽ നിന്നു വന്ന ശാസ്ത്രജ്ഞരും എൻജിനീയർമാരും ആണ് ഈ വിജയം നേടിയത്. അതിന് ഉദാഹരണം ഞാൻ തന്നെയാണ്. എന്റെ ജീവിത പശ്ചാത്തലത്തിൽ നിന്ന് ഈ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള യാത്ര പ്രയാസം നിറഞ്ഞതായിരുന്നു.
ചെറുപ്പത്തിലെ ദാരിദ്ര്യം, പഠിക്കാനുള്ള ബുദ്ധിമുട്ടുകൾ, ജോലിയിലെ വെല്ലുവിളികൾ... ഇവ വ്യക്തി കേന്ദ്രീകൃതമായി അവതരിപ്പിക്കുന്നതിനു പകരം ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനും ജീവിതത്തെ ആസൂത്രണം ചെയ്ത് അന്തിമ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും പ്രചോദനം നൽകുകയാണ് ആത്മകഥയുടെ ഉദ്ദേശ്യം. ഈ പുസ്തകം കുട്ടികൾ വായിക്കണമെന്നും ജീവിത പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന തിരിച്ചറിവുണ്ടാകാൻ പുസ്തകം ഉപകരിക്കുമെന്നുമായിരുന്നു പ്രതീക്ഷ’–സോമനാഥ് പറഞ്ഞു.
‘പരാജയങ്ങളിൽ സത്യസന്ധരാകണം’
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ യഥാർഥ പരാജയ കാരണം അന്നത്തെ ചെയർമാൻ തുറന്നു പറയാത്തതിനെക്കുറിച്ചു തന്റെ നിലപാടാണ് അവതരിപ്പിച്ചതെന്ന് എസ്.സോമനാഥ് പറഞ്ഞു. ‘പ്രശ്നമുണ്ടായാൽ അതിന്റെ യഥാർഥ കാരണം തുറന്നു പറയുന്നതിലൂടെയാണ് നമ്മുടെ സത്യസന്ധത പുറത്തു വരിക.
എസ്എസ്എൽവി പരാജയം ഉൾപ്പെടെ പിൽക്കാലത്തു പല പ്രതിസന്ധികളും ഉണ്ടായപ്പോൾ, സംഭവിച്ചത് എന്താണെന്നു ശാസ്ത്രീയമായി വിലയിരുത്തുകയും അതു ജനങ്ങളോടു സത്യസന്ധമായി തുറന്നു പറയുകയുമാണു ചെയ്തത്. അത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു. വസ്തുതകൾ കൃത്യമായി പറയുകയും സത്യസന്ധമായിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ വിശ്വാസവും ബഹുമാനവും ലഭിക്കും’’–സോമനാഥ് പറഞ്ഞു.