ADVERTISEMENT

അതിരപ്പിള്ളി ∙ സംസ്ഥാനാന്തര പാതയായ വാഴച്ചാൽ– മലക്കപ്പാറ റോഡിൽ ഇന്നു മുതൽ ഈ മാസം 20 വരെ പൂർണമായി ഗതാഗതം നിരോധിച്ചു. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങൾക്കു മാത്രം കടന്നുപോകാം. 

  റോഡു പുനർ നിർമാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തരാവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും. കനത്ത മഴയിൽ അമ്പലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14നു മണ്ണിടിഞ്ഞു 10 മീറ്റർ ഉയരത്തിലാണു റോഡു തകർന്നത്. തുടർന്നു റോഡ് പുതുക്കി നിർമിക്കുന്നതിനു വലിയ വാഹനങ്ങൾക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കും (ലോറി, ബസുകൾ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കാർ അടക്കമുള്ളവ യാത്രക്കാരെ ഇറക്കിയ ശേഷമാണു കടത്തിവിട്ടത്. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നതു കൂടുതൽ മണ്ണിടിച്ചിലിനു കാരണമാകുമെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. 

റോഡിന്റെ ഒരുവശം ആഴമുള്ളതും മറുവശം പാറക്കെട്ടുമാണ്. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) വിദഗ്ധർ നടത്തിയ പരിശോധനയിൽ മണ്ണിനു ബലക്ഷയവും കണ്ടെത്തിയിരുന്നു. തുടർന്നാണു ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഗതാഗതം പൂർണമായും നിരോധിച്ച് റോഡ് പുനർനിർമാണം നടത്താൻ തീരുമാനിച്ചത്.

English Summary:

Traffic ban on Vazhachal – Malakappara Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com