ADVERTISEMENT

കണ്ണൂർ ∙ വിവാദമായ നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രവർത്തിച്ചെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ. 

തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വർണം കടത്തിയതിൽ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണു പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്. 

‘സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല’ – ഉത്തരവിൽ പറയുന്നു. 

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി എന്നിവർ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്. 

പല തവണയായി 95.33 കിലോഗ്രാം സ്വർണം കടത്തിയതിൽ ജമാൽ ഹുസൈൻ അൽസാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വർണം കൊണ്ടുവന്നതിൽ റാഷിദ് ഖാമിസ് അൽ അഷ്മേയിക്കും പങ്കുണ്ട്. 2 പേർക്കും വിദേശകാര്യമന്ത്രാലയം വഴി കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാൽ, കള്ളക്കടത്തു നടത്തിയവർക്കു നയതന്ത്ര പരിരക്ഷയ്ക്ക് അർഹതയില്ലാത്തതിനാൽ ഇവരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്’– പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിൽ പറയുന്നു.

English Summary:

'Sivasankar knew everything': Customs in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com