കളമശേരി സ്ഫോടനം: പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പൊലീസ്
Mail This Article
കൊച്ചി∙ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ സാമ്പത്തിക സ്രോതസ്സടക്കമുള്ളവ പരിശോധിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ബോധിപ്പിച്ചു. മാർട്ടിനെ വിശദമായി ചോദ്യം ചെയ്യാനായി 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു പൊലീസ് സമർപ്പിച്ച ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇൗ ആവശ്യം ഉന്നയിച്ചത്
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 30 ദിവസം റിമാൻഡിലായ മാർട്ടിനെ ഈ മാസം 15 നു രാവിലെ 11 മണി വരെ കോടതി പൊലീസിന്റെ കസ്റ്റഡിയിൽ നൽകി. അഭിഭാഷകന്റെ സഹായം ആവശ്യമുണ്ടോയെന്നു വിചാരണക്കോടതി വീണ്ടും ചോദിച്ചപ്പോൾ കേസ് സ്വയം വാദിക്കാനുള്ള താൽപര്യം പ്രതി ആവർത്തിച്ചു.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി.കൃഷ്ണൻ ഹാജരായി. മാർട്ടിനെ കൂടുതൽ ചോദ്യം ചെയ്യണമെങ്കിൽ 30 ദിവസത്തെ ആദ്യ റിമാൻഡ് കാലാവധി തീരും മുൻപ് അന്വേഷണ ഉദ്യോഗസ്ഥനും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ കഴിയും. മാർട്ടിന്റെ ഒന്നാംഘട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് ഡിസിപി എസ്.ശശിധരന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ.