വീടിന്റെ വാർക്കപ്പണി തടഞ്ഞ് സിഐടിയു; നാട്ടുകാർ ഇടപെട്ട് നിർമാണം നടത്തി
Mail This Article
ഉപ്പുതറ (ഇടുക്കി) ∙ തൊഴിലാളികൾക്കു പണി കൊടുത്തില്ലെങ്കിൽ നിർമാണം അനുവദിക്കില്ലെന്ന നിലപാടുമായി സിഐടിയു രംഗത്തുവന്നതോടെ നാട്ടുകാർ സംഘടിച്ച് വീടിന്റെ വാർക്കപ്പണി നടത്തി. വളകോട് പാലക്കാവ് പാലപ്പുറത്ത് സ്റ്റാലിൻ ജോസഫിന്റെ വീടിന്റെ കോൺക്രീറ്റിങ് ജോലിയാണു നാട്ടുകാർ ശ്രമദാനമായി നടത്തിയത്.
ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണു സ്റ്റാലിന്റെ കുടുംബം. കൂലിപ്പണിയാണ് ഉപജീവനമാർഗം. 10 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു മൂന്നുമാസം മുൻപാണു വീടുനിർമാണം തുടങ്ങിയത്. ആരംഭിച്ചത്. വീടിന്റെ വാർക്കയ്ക്ക് റെഡി മിക്‌സ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതോടെ 15 തൊഴിലാളികൾക്കു പണി നൽകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. അത്രയുംപേരുടെ ആവശ്യമില്ലാത്തതിനാൽ 5 പേർക്കു പണി നൽകാമെന്ന് അറിയിച്ചെങ്കിലും യൂണിയൻ തയാറായില്ലെന്ന് സ്റ്റാലിൻ പറയുന്നു. വാർക്കയ്ക്കായി കമ്പികെട്ട് ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും പണി തടയാനായി ചിലർ സ്ഥിരമായി സ്ഥലത്ത് തമ്പടിച്ചിരുന്നു.
വാടകയ്ക്കു സാധനങ്ങളെടുത്ത് തട്ടടിച്ചശേഷം 20 ദിവസത്തോളം പണി മുടങ്ങിയതിനാൽ അരലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും സ്റ്റാലിൻ പറയുന്നു. തുടർന്നു കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി. എന്നാൽ, കോൺക്രീറ്റിങ് നടത്താൻ ഏർപ്പെടുത്തിയിരുന്ന കമ്പനി യൂണിയൻകാർ ഭീഷണിപ്പെടുത്തിയതിനാൽ പിന്തിരിഞ്ഞു. അതോടെയാണ് ശ്രമദാനമായി വീടിന്റെ വാർക്ക നടത്താൻ നാട്ടുകാർ സംഘടിച്ചത്.
അതേസമയം, വീടുനിർമാണത്തിന്റെ കരാറുകാരനും പ്രദേശത്തെ തൊഴിലാളികളും തമ്മിൽ ഏതാനും നാളായി തർക്കം നിലനിൽക്കുകയാണെന്നും ആവശ്യമായ തൊഴിലാളികൾക്കു പണി നൽകണമെന്ന യൂണിയന്റെ ആവശ്യം നിരസിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് ഉണ്ടായതെന്നും നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏലപ്പാറ ഏരിയാ സെക്രട്ടറി രവികുമാർ പറഞ്ഞു.