കെഎസ്‌യു പ്രവർത്തകരുമായി കയ്യാങ്കളി; കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ
Mail This Article
പനമരം (വയനാട്) ∙ നടവയൽ സിഎം കോളജിൽ കെഎസ്‌യു പ്രവർത്തകരുമായുള്ള കയ്യാങ്കളിയെത്തുടർന്ന് പ്രിൻസിപ്പലിനു സസ്പെൻഷൻ. സംസ്ഥാനതല വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കോളജിൽ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ കെഎസ്‌യു പ്രവർത്തകരും കോളജ് പ്രിൻസിപ്പൽ ഡോ. എ.പി. ഷരീഫും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, പ്രിൻസിപ്പൽ മൊബൈൽഫോണിൽ വിഡിയോ പകർത്തിയത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്. വിഡിയോ പകർത്തുന്നതു തടയാൻ ശ്രമിച്ച കെഎസ്‌യു ബത്തേരി ബ്ലോക്ക് സെക്രട്ടറി സ്റ്റെൽജിൻ ജോണിയെ പ്രിൻസിപ്പൽ മർദിക്കുന്നതും തുടർന്നുള്ള കയ്യാങ്കളിയും ദൃശ്യങ്ങളിൽ കാണാം.
പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നും വിദ്യാർഥികൾക്കു മുന്നിൽ പ്രിൻസിപ്പൽ പരസ്യമായി മാപ്പുപറയണമെന്നും കഴിഞ്ഞ ദിവസം കോളജിൽനിന്നു പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് കൂടുതൽ കെഎസ്‌യു പ്രവർത്തകരെത്തി കോളജ് അധികൃതരെ ഉപരോധിച്ചു. സ്റ്റെൽജിന്റെ പരാതിയിൽ പനമരം പൊലീസ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.
സംഘർഷത്തെത്തുടർന്ന് പനമരം, കേണിച്ചിറ, മീനങ്ങാടി സ്റ്റേഷനുകളിൽനിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പുറത്തു നിന്നെത്തിയവർ സംഘർഷത്തിന് ശ്രമിച്ചുവെന്നും മൊബൈൽഫോൺ തട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണു പ്രിൻസിപ്പൽ പറയുന്നത്.