ദുരഭിമാനക്കൊല വീണ്ടും...; പിതാവ് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു
Mail This Article
കൊച്ചി ∙ ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദിച്ചു വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. അത്യാസന്ന നിലയിൽ 10 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ ആലുവ കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമയാണു (14) മരിച്ചത്. പിതാവ് അബീസിനെ (43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
29നു രാവിലെയായിരുന്നു സംഭവം. അബീസ് ഫാത്തിമയെ കമ്പിവടി കൊണ്ട് അടിച്ച ശേഷം കളനാശിനി ബലമായി വായിലേക്ക് ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി കളനാശിനി തുപ്പിക്കളയാൻ ശ്രമിച്ചെങ്കിലും പിന്നീട് ഛർദിച്ച് അവശയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അന്നു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നവംബർ ഒന്നിനു കേസ് റജിസ്റ്റർ ചെയ്ത ആലങ്ങാട് പൊലീസ് അന്നു തന്നെ അബീസിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് പ്രതി. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. മാതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുമെടുത്തു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. ആഷിലയാണു മാതാവ്. 2 സഹോദരങ്ങളുണ്ട്. കേരളത്തിൽ കഴിഞ്ഞ 6 വർഷത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ ദുരഭിമാനക്കൊലയാണിത്. ഇതിനുമുൻപ് 2020ൽ പാലക്കാട് തേങ്കുറുശിയിൽ അനീഷ് (27) എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു.