പാർട്ടി വിലക്കു ലംഘിച്ച് ഐക്യദാർഢ്യ പരിപാടി; ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല
Mail This Article
തിരുവനന്തപുരം ∙ പാർട്ടി വിലക്കു ലംഘിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയെന്ന വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതിയുടെ തീരുമാനം നീളും. മലപ്പുറത്ത് ഇന്നലെ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചതിനാൽ ഇന്നു സമിതിക്കു മുൻപിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും ഭാരവാഹികളും സമിതിയെ അറിയിച്ചു. ഇവരോട് 13നു ഹാജരാകാൻ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു.
ആര്യാടൻ ഷൗക്കത്തിന് അനുകൂലമായി നിലപാടെടുത്ത സി.ഹരിദാസ്, റിയാസ് മുക്കോളി ഉൾപ്പെടെയുള്ള 16 നേതാക്കളുടെ വിശദീകരണം ഇന്ന് അച്ചടക്ക സമിതി കേൾക്കും. ഷൗക്കത്താണ് ഇവരുടെ പട്ടിക സമിതിക്കു നൽകിയത്. തിങ്കളാഴ്ച രണ്ടര മണിക്കൂറോളം ഷൗക്കത്തിനു പറയാനുള്ളത് അച്ചടക്ക സമിതി കേട്ടിരുന്നു. വി.എസ്.ജോയി ഉൾപ്പെടെ 11 പേരാണു മറുപക്ഷത്തു നിന്നു 13നു മൊഴി നൽകാനെത്തേണ്ടത്.
കോൺഗ്രസ് നടപടിയെടുത്താൽ സംരക്ഷിക്കുമെന്ന സിപിഎം വാഗ്ദാനവും, പലസ്തീൻ വിഷയത്തിന്റെ പേരിൽ നടപടിയെടുത്താലുണ്ടാവുന്ന രാഷ്ട്രീയ പ്രത്യാഘാതവും പാർട്ടിക്കു മുൻപിലുണ്ട്. അതുകൊണ്ടു തന്നെ കടുത്ത നടപടിക്കു സാധ്യത കുറവാണ്. ഇതിനിടെ ഷൗക്കത്തിനു പരസ്യ പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ രംഗത്തെത്തി. തന്റെ അറിവിൽ ആര്യാടൻ ഷൗക്കത്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണു തരൂർ പ്രതികരിച്ചത്. കോൺഗ്രസിന്റെ ലൈൻ ഷൗക്കത്ത് തെറ്റിച്ചിട്ടില്ല. പിതാവിന്റെ ഫൗണ്ടേഷന്റെ പേരിൽ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടി കോൺഗ്രസ് നയത്തിനു വിരുദ്ധമല്ല. ഇക്കാര്യത്തിൽ അച്ചടക്ക ലംഘനത്തിന്റെ വിഷയമില്ലെന്നും തരൂർ പറഞ്ഞു.