‘ബോംബെയിലെ ഡോണുകളാണോ’ എന്നു പരിഹാസം; ചോദ്യം ചെയ്ത പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ അടിച്ചുകൊന്നു
Mail This Article
തിരുവനന്തപുരം ∙ രാത്രി ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ റോഡിൽ അനുജന്റെ മുൻപിലിട്ട് ആറംഗ ക്രിമിനൽ സംഘം അടിച്ചു കൊലപ്പെടുത്തി. പൂന്തുറ പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് ആലപ്പുഴ കായംകുളം ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ഈരിക്കലേത്തു പുത്തൻവീട്ടിൽ പി.പ്രദീപ് (50) ആണ് മരിച്ചത്. ആക്രമണത്തിൽ പ്രദീപിന്റെ അനുജൻ പ്രമോദ് പിള്ളയ്ക്കു പരുക്കേറ്റു. പൂജപ്പുര ശബരി ബാറിനു സമീപം യൂണിയൻ ബാങ്കിനു മുൻപിൽ ചൊവ്വ രാത്രി 11.45ന് ആയിരുന്നു സംഭവം. തലയ്ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു.
കേസിൽ മുടവൻമുകൾ സ്വദേശി കട്ടയും പടവും എന്നറിയപ്പെടുന്ന അരുൺ, തൃക്കണ്ണാപുരം സ്വദേശികളായ ജെറിൻ, രതീപ്, മുടവൻമുകൾ സ്വദേശി മിഥുൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെറിൻ, അരുൺ എന്നിവർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കൊലപാതക ശ്രമം അടക്കം ഒട്ടേറെ കേസുകളിൽ ഇവർ പ്രതികളാണ്. മറ്റു പ്രതികൾക്കെതിരെ അടിപിടി കേസുകൾ നിലവിലുണ്ട്. വെള്ളായണി സ്വദേശി ഷംനാദ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ബാറിലെയും ബാങ്കിലെ എടിഎം കൗണ്ടറിലെയും സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇതിൽ ആക്രമണം നടത്തുന്ന ദൃശ്യവും ഉണ്ടെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പറഞ്ഞത്: പ്രദീപും പ്രമോദും ബാറിൽ ഇരുന്നു മദ്യപിക്കുമ്പോൾ ഇവിടെ മദ്യപിക്കാൻ എത്തിയ ഷംനാദും സുഹൃത്തുക്കളും ഇവരെ പരിചയപ്പെടുകയും ബാറിൽ നിന്നു ഒരുമിച്ച് പുറത്തിറങ്ങുകയും ചെയ്തു. പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ ‘നീയും നിന്റെ അനുജനും ബോംബെയിലെ ഡോണുകളോണോ’ എന്നു ചോദിച്ച് ഷംനാദ് പ്രദീപിനെ പരിഹസിച്ചു. ഇതു പ്രദീപ് ചോദ്യം ചെയ്തതോടെ ഷംനാദും സംഘവും ബഹളംവച്ചു.
തുടർന്നു പ്രദീപും പ്രമോദും ബാർ കോംപൗണ്ടിൽ നിന്നു പുറത്തിറങ്ങി താമസസ്ഥലമായ പൂജപ്പുരയിലെ ഹോട്ടൽ ഹിൽവ്യൂവിലേക്കു പോകാനായി റോഡിലൂടെ നടന്നു. ഈ സമയം ബൈക്കിലും ഓട്ടോറിക്ഷയിലുമായി ഇവരെ പിന്തുടർന്ന അക്രമി സംഘം യൂണിയൻ ബാങ്കിനു മുൻപിൽ വച്ച് ആക്രമിക്കുകയായിരുന്നു. പ്രദീപിനെ പിടിച്ചുവലിച്ചു തലയിലും മുഖത്തും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് റോഡിൽ തള്ളിയിട്ട ശേഷം തലപിടിച്ചു തറയിലിടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അനുജൻ പ്രമോദിനും പരുക്കേറ്റു. പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് രക്തം ഛർദിച്ചു കിടന്ന പ്രദീപിനെ ഏറെ വൈകിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. അനുജൻ പ്രമോദ് ആക്രമണത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. രണ്ടു മണിയോടെ വിവരം അറിഞ്ഞ് എത്തുമ്പോൾ പ്രദീപിന്റെ ശരീരം അനക്കമില്ലാതെ തണുത്തു മരവിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.