റവന്യു റിക്കവറി നിയമഭേദഗതി വരെ ജപ്തി നിർത്താൻ നിർദേശം
Mail This Article
തിരുവനന്തപുരം ∙ റവന്യു റിക്കവറി നിയമഭേദഗതി വരുന്നതു വരെ കേരള ബാങ്ക് ഒഴികെ ദേശസാൽകൃത, ഷെഡ്യൂൾഡ്, കമേഴ്സ്യൽ ബാങ്കുകളുടെ വായ്പക്കുടിശികയിൽ ജപ്തി നടപടി നിർത്തിവയ്ക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്കും കലക്ടർമാർക്കും സംസ്ഥാന സർക്കാർ നിർദേശം നൽകി. കുടിശികയ്ക്കു ഗഡുക്കൾ അനുവദിക്കുന്നതുൾപ്പെടെ വ്യവസ്ഥകളുമായാണു നിയമഭേദഗതി വരിക.
വയനാട് ജില്ലയിലെ കർഷകർ ദേശസാൽകൃത ബാങ്കുകളിൽനിന്ന് എടുത്ത വായ്പ കൃഷിമേഖലയിലെ പ്രതിസന്ധി കാരണം തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നേരിടുന്ന സാഹചര്യം കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. റവന്യു റിക്കവറി നടപടികൾ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും ആത്മഹത്യാ സ്ക്വാഡ് രൂപീകരിക്കുന്നതടക്കമുള്ള രഹസ്യനീക്കങ്ങൾ നടക്കുമെന്നതിനാൽ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചും സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജപ്തി നിർത്തിവയ്ക്കുന്നത്. അതേസമയം, നോട്ടിസ് അയയ്ക്കുന്നത് ഉൾപ്പെടെ നടപടികൾ തുടരാൻ തടസ്സമില്ല.