കെ.എ.ഫ്രാൻസിസ്: മാധ്യമപ്രവർത്തനത്തിലെ ‘താന്ത്രിക്’ കലാകാരൻ
Mail This Article
തൃശൂർ∙ ഒന്നും രണ്ടുമല്ല, നാൽപതോളം അന്വേഷണ പരമ്പരകൾ. അതിൽ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മുതൽ തിരുട്ടുഗ്രാമത്തിലെ കള്ളന്മാർക്കും നാട്ടിൻപുറങ്ങളിലെ മന്ത്രവാദികൾക്കുമൊപ്പം താമസിച്ചുള്ള അനുഭവങ്ങൾ വരെ. അരനൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനജീവിതത്തിൽ ഫ്രാൻസിസ് കൈവയ്ക്കാത്ത വിഷയങ്ങളില്ല. എഡിറ്റർ–ഇൻ –ചാർജ് ആയിരിക്കെ അനുഭവക്കുറിപ്പുകളും രാഷ്ട്രീയ, അന്വേഷണാത്മക വിഷയങ്ങളിലുള്ള കവർ സ്റ്റോറികളുമായി ആഴ്ചപ്പതിപ്പിനെ സമഗ്രമാക്കി.
ഇരുപതോളം പുസ്തകങ്ങളെഴുതിയതിൽ മൂന്നെണ്ണം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി. ആർട്ടിസ്റ്റ് ആയിരുന്ന പിതാവ് കെ.പി.ആന്റണിയുടെ സ്വാധീനത്തിലാണ് ചിത്രകലാ ലോകത്ത് എത്തിയത്. ‘താന്ത്രിക്’ ശൈലിയിലൂടെ ഫ്രാൻസിസ് അവിടെ വേറിട്ട മുദ്ര പതിപ്പിച്ചു.
24 താന്ത്രിക് ചിത്രങ്ങളുമായി ഡൽഹി ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്‌സ് ഗാലറിയിൽ നടത്തിയ പ്രദർശനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. കൃത്യമായ അനുപാതവും കണക്കുമാണ് താന്ത്രിക് ചിത്രങ്ങളുടെ പൊരുൾ. വലുപ്പ-ചെറുപ്പങ്ങൾ ആനുപാതികമായിരിക്കണം. വിഷ്‌ണു പാദം, ലക്ഷ്‌മി പാദം ഇവയായിരുന്നു പ്രധാനം. അക്രിലിക്, ഓയിൽ, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങളിലാണ് ചക്രങ്ങൾക്കു നിറം പകർന്നിരിക്കുന്നത്. പറശ്ശിനിക്കടവു ക്ഷേത്രത്തിന്റെ പശ്‌ചാത്തലത്തിൽ വരച്ച ചിത്രത്തിന് 2000 ലെ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. വെനീസ്, ഫ്ലോറൻസ് ബിനാലെകളിൽ കേരള സർക്കാരിന്റെ പ്രതിനിധിയായിരുന്നു.
കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ദി എസൻസ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ.മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങിയവയാണ് രചിച്ച പ്രധാന കൃതികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസിസിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം (2014), ലളിതകലാ അക്കാദമി സ്വർണപ്പതക്കം (2000), ലളിതകലാ പുരസ്കാരം (2015), ഫെലോഷിപ് (2021) തുടങ്ങിയ പുരസ്കാരങ്ങൾ നേടി.