മിന്നൽ: 7 പേർക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം
Mail This Article
പാമ്പാടി ∙ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു പരുക്ക്; 2 പേരുടെ നില ഗുരുതരം. 14–ാം മൈലിൽ കെട്ടിട നിർമാണ ജോലി ചെയ്തിരുന്ന 5 അതിഥിത്തൊഴിലാളികൾക്കും ആലാംപള്ളി, എസ്എൻ പുരം സ്വദേശികൾക്കുമാണു പരുക്കേറ്റത്. ഇവരിൽ അതിഥിത്തൊഴിലാളി മുനിഫ്, ആലാംപള്ളി സ്വദേശി ജോയി ഫിലിപ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണു സംഭവം.
മുനിഫിനൊപ്പമുണ്ടായിരുന്ന 4 തൊഴിലാളികൾക്കുകൂടി പരുക്കേറ്റെങ്കിലും സാരമുള്ളതല്ല. എസ്എൻപുരം സ്വദേശി ഗോപിക്കു പരുക്കേറ്റിട്ടുണ്ട്. വീടിന്റെ പരിസരത്തു നിൽക്കുന്നതിനിടെയാണ് ജോയിക്കും ഗോപിക്കും മിന്നലേറ്റത്. പാമ്പാടി മേഖലയിൽ ഒട്ടേറെ വീടുകൾക്കു മിന്നലിൽ കേടുപാട് സംഭവിച്ചു.
കുമരകത്തു ബുധനാഴ്ച വൈകിട്ടുണ്ടായ മിന്നലിൽ വീടുകൾക്കും ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. വഞ്ചിക്കൽ അനീഷിന്റെ വീട്ടിലെ ടിവിയും ഫാനുകളും കേടായി. കാവിൽ സുഗുണന്റെ വീടിന്റെ ഭിത്തിക്കു വിളളൽ വീണു. ബാറ്ററി പൊട്ടിത്തെറിച്ച് കാവിൽ വിജയമ്മയുടെ ദേഹത്തുവീണു.