ദുരിതാശ്വാസനിധി കേസ്; ലോകായുക്ത വിധി ഇന്ന്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും ഒന്നാം എൽഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് 2.30ന് വിധി പറയും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. 2018ലാണ് ആർ.എസ്.ശശികുമാർ ഹർജി ഫയൽ ചെയ്തത്.
വാദം കേട്ട രണ്ട് ഉപ ലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപ ലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഫയൽ ചെയ്ത ഇടക്കാല ഹർജിയും ഇന്നു പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് എന്നിവരുടെ ഔദ്യോഗിക കാലാവധി ജനുവരിയിൽ അവസാനിക്കും.