ADVERTISEMENT

ആലപ്പുഴ∙ ‘‘സ്ത്രീകളേ, പെൺകുട്ടികളേ... നിങ്ങൾക്ക് സ്വാഗതം!’’– ആലപ്പുഴ മാന്നാറിനു സമീപം മേൽപാടം ചുണ്ടന്റെ മാലിപ്പുരയ്ക്കു മുൻപിൽ നിന്ന് ഭാരവാഹികൾ ഇതു പറയുമ്പോൾ വനിതകൾക്കു മുന്നിൽ ഇതുവരെ അടഞ്ഞുകിടന്ന വാതിലുകൾ ഒന്നുകൂടി മലർക്കെ തുറക്കുന്നു.

‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും വള്ളം പണിയുന്നതു കാണാനും വള്ളത്തിൽ തൊടാനും കൊതിയുണ്ടാകില്ലേ, നമ്മളെന്തിനാ അതു വിലക്കുന്നത്’– മേൽപാടം ചുണ്ടന്റെ ഭാരവാഹികൾ ചോദിക്കുന്നു. ആധുനിക കാലത്തും സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചിരുന്ന മാലിപ്പുരകളും വിലക്ക് പിൻവലിക്കുകയാണ്. 

 വള്ളംകളികളിൽ സ്ത്രീകൾ പങ്കെടുത്തു തുടങ്ങിയിട്ടും വള്ളംകളി മത്സരത്തിനും ആചാര ഘോഷയാത്രകൾക്കും ഉപയോഗിക്കുന്ന കളിവള്ളങ്ങൾ സൂക്ഷിക്കുന്ന വള്ളപ്പുരകളിലും വള്ളങ്ങൾ നിർമിക്കുന്ന മാലിപ്പുരകളിലും സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. ആചാരവും അശുദ്ധിയുമെല്ലാം കാരണമായി പറയുന്നുണ്ടെങ്കിലും തുടർന്നുവന്ന കീഴ്‌വഴക്കം എന്നതിലപ്പുറം സ്ത്രീ പ്രവേശന വിലക്കിന്റെ യഥാർഥ കാരണം ആർക്കും അറിയില്ല. പല മാലിപ്പുരകളിലും ‘സ്ത്രീകൾക്കു പ്രവേശനമില്ല’ എന്ന ബോർഡ് മായാതെ ഉണ്ടായിരുന്നു. 

 എന്നാൽ പുരുഷൻമാരുടെ കുത്തകയായിരുന്ന വള്ളംകളിയിൽ അടുത്തകാലത്തായി തുഴക്കാരായും വിവരണം പറയാനും  ആരാധകരായും സ്ത്രീകൾ മുന്നോട്ടു വന്നു തുടങ്ങിയതോടെ പല വള്ളങ്ങളും വള്ളപ്പുരകളിൽ സ്ത്രീകൾക്കുള്ള പ്രവേശന വിലക്ക് നീക്കി. അപ്പോഴും മാലിപ്പുരകളുടെ വാതിലുകൾ അവർക്കു മുന്നിൽ അടഞ്ഞുതന്നെ കിടന്നു. ഈ വാതിലാണ് മേൽപാടം ചുണ്ടന്റെ ഭാരവാഹികൾ തുറന്ന് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. 

  ചുണ്ടൻ അടുത്ത വർഷം വള്ളംകളിയിൽ പങ്കെടുക്കുമ്പോൾ പെൺകുട്ടികൾ ആരെങ്കിലും വള്ളത്തിൽ കയറാൻ തയാറായാൽ അതിനും അനുവദിക്കുമെന്നും വള്ള സമിതി  ഭാരവാഹികൾ പറയുന്നു. സാധാരണ വള്ള സമിതികളുടെ ഭാരവാഹിത്വത്തിൽ പുരുഷൻമാർ മാത്രമാണെങ്കിൽ ഇവിടെ 3 സ്ത്രീകൾ രക്ഷാധികാരികളാണ്. സാബു നാരായണാചാരിയാണു വള്ളത്തിന്റെ ശിൽപി. 84 തുഴക്കാർക്കും 5 അമരക്കാർക്കും 7 നിലക്കാർക്കും കയറാവുന്ന 128 അടി നീളമുള്ള വള്ളമാണു നിർമിക്കുന്നത്.

 കെ.കുട്ടപ്പൻ കുറുക്കശേരിൽ (പ്രസി), ഷിബു വർഗീസ് (സെക്ര), ഷിബു തോമസ് (ട്രഷ), ജോസഫ് ഏബ്രഹാം (രക്ഷാധികാരി) എന്നിവരാണു വള്ള സമിതിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

English Summary:

Years old ban on Women entering Vallapura Ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com