ആലുവയിലെ പെൺകുഞ്ഞിന്റെ കൊലപാതകം: വിധി ഇന്ന്
Mail This Article
കൊച്ചി∙ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വിചാരണക്കോടതി ഇന്നു ശിക്ഷ വിധിക്കും. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങൾ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു.
പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്. ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി നൂറാം ദിവസം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതി കുറ്റക്കാരനാണെന്നു വിധിച്ചു. ഇന്നു ശിശുദിനത്തിലാണു പ്രതിക്കുള്ള ശിക്ഷ വിചാരണക്കോടതി വിധിക്കുക.