ദുരിതാശ്വാസ നിധി ദുരുപയോഗം: ഹർജി തള്ളി ലോകായുക്ത
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി മൂന്നംഗ ലോകായുക്ത ബെഞ്ച് തള്ളി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തയ്ക്ക് ഉണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപലോകായുക്തമാരും ഭിന്നനിലപാടു സ്വീകരിച്ചു.
മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രിമാർ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, കഴിഞ്ഞ പിണറായി സർക്കാരിലെ 18 മന്ത്രിമാർ എന്നിവർക്ക് എതിരെയായിരുന്നു അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ചുള്ള ഹർജി.
2018 ൽ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ വിധിയെത്തിയത്. ഫണ്ട് അനുവദിച്ച നടപടിക്രമത്തിൽ വീഴ്ചയുണ്ടായെന്നും പണം ലഭിച്ച 3 പേരിൽ നിന്നും അപേക്ഷ വാങ്ങിയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. എന്നാൽ, അഴിമതിക്കു തെളിവില്ല. അതിനാൽ തുടരന്വേഷണം ആവശ്യമില്ല. മന്ത്രിസഭാ കുറിപ്പില്ലാതെയാണു തീരുമാനമെടുത്തതെന്നും സഹായം അനുവദിക്കുന്നതിൽ അസാധാരണ തിടുക്കം കാണിച്ചുവെന്നും ലോകായുക്ത വിമർശിച്ചു.
ഹർജി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്ന കാര്യത്തിൽ ഭിന്നസ്വരം ഉയർന്നു. മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നായിരുന്നു ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുടെ നിരീക്ഷണം.
∙ ‘തലയിൽ മുണ്ടിട്ടു മുഖ്യമന്ത്രിയുടെ ഇഫ്താറിനു പോയ ജഡ്ജിമാരിൽനിന്നു മറ്റൊരു വിധി പ്രതീക്ഷിക്കുന്നില്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകും.’ – ആർ.എസ്.ശശികുമാർ, ഹർജിക്കാരൻ