ശബരിമല വിമാനത്താവള ഭൂമിയേറ്റെടുക്കൽ: അതിർത്തിനിർണയവും സർവേയും നാളെ മുതൽ
Mail This Article
എരുമേലി ∙ ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും നാളെ തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാർ. 15 ദിവസത്തിനുള്ളിൽ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാരുടെ ഉറപ്പ്.
ആധുനിക സർവേ ഉപകരണമായ ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണു സ്ഥലമളക്കുന്നത്. ഡിജിപിഎസ് വഴി കൃത്യതയോടെയും വേഗത്തിലും സർവേയും അതിർത്തി നിർണയവും നടത്താനാകും. എസ്റ്റേറ്റിലെ ഇന്റർനെറ്റ് ലഭ്യതയുടെ കുറവ് അളവെടുപ്പിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇതിനായി ഇന്റർനെറ്റ് ലഭ്യത ഉയർത്തുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിക്കുന്നുണ്ട്. 25 ലക്ഷം രൂപ വരെയാണ് ഡിജിപിഎസിന്റെ വില. 5 ഉപകരണങ്ങളാണ് സർവേക്കായി സ്വകാര്യ സ്ഥാപനം എത്തിക്കുന്നത്.
വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1041.0 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.