‘ഇവനെയും സർക്കാർ തീറ്റിപ്പോറ്റും, ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ...’: കണ്ണീരോടെ മറ്റൊരമ്മ
Mail This Article
പാലക്കാട് ∙ ‘‘തൂക്കുകയർ വിധി പേപ്പറുകളിൽ മാത്രം ഒതുങ്ങും. ഇവനെയും സർക്കാർ തീറ്റിപ്പോറ്റും. ഇവിടെ നീതി കിട്ടുന്നത് പ്രതികൾക്കു മാത്രമാണ്. ഗോവിന്ദച്ചാമി തൂക്കിലേറ്റപ്പെട്ടിരുന്നെങ്കിൽ അക്രമികൾക്കു താക്കീതെങ്കിലും ആകുമായിരുന്നു’’– ആ അമ്മയുടെ കണ്ണീർ തോരുന്നില്ല. 12 വർഷം മുൻപു ട്രെയിൻ യാത്രയ്ക്കിടെ പീഡനത്തിരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ. (നിയമപരമായ കാരണങ്ങളാൽ ഇരുവരുടെയും പേരുകൾ ഒഴിവാക്കുന്നു). മകളുടെ ചിത്രം നെഞ്ചോടു ചേർത്തുവച്ചാണ് അവർ ആലുവയിലെ ശിക്ഷാവാർത്ത ടിവിയിൽ കണ്ടത്.
2011 ഫെബ്രുവരി ഒന്നിനു കൊച്ചിയിലെ ജോലി കഴിഞ്ഞു ഷൊർണൂരിലെ വീട്ടിലേക്കു മടങ്ങവേ ട്രെയിൻ കോച്ചിൽ ഒറ്റയ്ക്കായിപ്പോയപ്പോഴാണ് യുവതി അക്രമത്തിനിരയായത്. വള്ളത്തോൾ നഗറിലെ റെയിൽവേ ട്രാക്കിനു സമീപം ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഫെബ്രുവരി ആറിനു മരണമടഞ്ഞു.അന്നു മുതൽ മകളുടെ ഘാതകനു തൂക്കുകയർ ഉറപ്പാക്കാനുള്ള പോരാട്ടത്തിലായിരുന്നു അമ്മ.
കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് അതിവേഗ കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. ഗോവിന്ദച്ചാമി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഠിനതടവിലാണ്.‘‘അതുപോലുള്ളവർ ഇനിയും സമൂഹത്തിലുണ്ടെന്ന് ഓരോ പുതിയ സംഭവവും തെളിയിക്കുന്നു. മാതൃകാപരമായി ശിക്ഷിച്ചാലേ ഇത്തരം കുറ്റകൃത്യങ്ങൾ കുറയൂ.
മറ്റുള്ളവരുടെ പാത്രം കഴുകിയാണ് ഞാനെന്റെ മകളെ വളർത്തിയത്.’’ ഇനിയാർക്കും ഈ ഗതി വരുത്തരുതേ എന്നാണ് അന്നുമുതൽ പ്രാർഥനയെന്നും ഈ അമ്മ പറയുന്നു.
വർഷങ്ങളായി പോരാടുന്നു, വാളയാറിലെ അമ്മ
പാലക്കാട് ∙ ‘‘പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ പ്രാണവേദന അവനും അറിയണം. ഭൂമിയിൽ ജീവിക്കാൻ അവനു യോഗ്യതയില്ല’’- അസഫാക് ആലത്തിനു വധശിക്ഷ വിധിച്ചതറിഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
‘‘എന്റെ കുഞ്ഞുങ്ങളെ കൊന്നവർക്കു തക്ക ശിക്ഷ വാങ്ങിനൽകാൻ വർഷങ്ങളായി ഞാൻ പോരാടുകയാണ്. 2017 ൽ പതിമൂന്നും ഒൻപതും വയസ്സ് മാത്രമുള്ള 2 പെൺമക്കളെയും നഷ്ടമായി.
മരിച്ച കുഞ്ഞിന്റെ രക്ഷിതാക്കളുടെ വേദന എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. നഷ്ടമായതിനു പകരം നൽകാൻ ഈ ലോകത്തു മറ്റൊന്നുമില്ല.
നിയമത്തോടു പേടി ഉണ്ടായാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല. പ്രതികൾ രക്ഷപ്പെടുകയും ശിക്ഷയുടെ കാഠിന്യം കുറയുകയും ചെയ്യുമ്പോൾ കുറ്റകൃത്യങ്ങളും വർധിക്കും.’’