ശബരിമല നട തുറന്നു; ഇനി ദർശനത്തിന്റെ പുണ്യനാളുകൾ
Mail This Article
ശബരിമല ∙ മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇനി തീർഥാടകർക്കു ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിക്കു പുലയായതിനാൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണു നട തുറന്നത്. പിന്നീടു മാളികപ്പുറം ക്ഷേത്രനട തുറക്കാൻ അവിടത്തെ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു ശ്രീകോവിലിന്റെ താക്കോൽ നൽകി യാത്രയാക്കി.
നട തുറന്നശേഷം ആദ്യം പടി കയറിയതു പുതിയ മേൽശാന്തിമാരായ മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ.മഹേഷ് (ശബരിമല), തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂങ്ങോട്ട് മനയിൽ പി.ജി.മുരളി (മാളികപ്പുറം) എന്നിവരാണ്.
സന്ധ്യയോടെ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നെ മാളികപ്പുറത്തെയും ചടങ്ങു നടന്നു. തന്ത്രി ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുത്തു. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27ന്. മകരവിളക്ക് ജനുവരി 15ന്.