നടനും അഭിഭാഷകനുമായ ദിനേശ് മേനോൻ അന്തരിച്ചു
Mail This Article
കൊച്ചി ∙ ഹൈക്കോടതി അഭിഭാഷകനും മുൻകാല നടനുമായ എറണാകുളം ചിറ്റൂർ റോഡ് ഇയ്യാട്ടുമുക്കിൽ ഇയ്യാട്ടിൽ (ഉഷകിരൺ) അഡ്വ. ഐ.ദിനേശ് മേനോൻ (54) അന്തരിച്ചു. ഇന്ന് രാവിലെ 10.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. പരേതനായ വേണുഗോപാൽ മേനോന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: കാർത്തിക. മകൻ: അരവിന്ദ് ഡി.മേനോൻ (പ്ലസ് വൺ വിദ്യാർഥി, ചോയ്സ് സ്കൂൾ, എറണാകുളം).
മോട്ടർ വാഹന നിയമവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ഹാജരായിരുന്ന ദിനേശ് മേനോൻ ‘റോബിൻ’ ബസ് സർവീസുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ ഹൈക്കോടതിയിൽ ഹാജരാകാനായിരിക്കുകയായിരുന്നു. വീടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫിസ് ഇന്നലെ രാവിലെ തുറന്നത് അദ്ദേഹമാണ്. കോടതിയിൽ പോകാൻ സമയമായിട്ടും ഓഫിസിലേക്ക് എത്താതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഉള്ളിൽ അവശനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
1979ൽ പുറത്തിറങ്ങിയ ‘വാടകവീട്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഇരുപതിനടുത്തു ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ദിനേശ് മേനോൻ മാസ്റ്റർ സുജിത് എന്ന പേരിലാണ് സിനിമയിൽ അറിയപ്പെട്ടത്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങിയ സിനിമകളിൽ നസീറിന്റെ മകനായിട്ടാണ് അഭിനയിച്ചത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ശേഷം കാഴ്ചയിൽ’ എന്ന ചിത്രത്തിലും ശ്രദ്ധേയവേഷമായിരുന്നു.