മരട് അനീഷിനെ ജയിലിൽ കൊലപ്പെടുത്താൻ ശ്രമം
Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഗുണ്ടാനേതാവ് മരട് അനീഷിനു നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം നടന്നത്. ബ്ലേഡ് കൊണ്ട് തലയിലും ദേഹമാസകലവും വരഞ്ഞ് മുറിവേറ്റ നിലയിൽ ഇയാളെ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ പിന്നീടു പ്രിസൺ വാർഡിലേക്കു മാറ്റി. കൊച്ചിയിലെ മറ്റൊരു ഗുണ്ടാനേതാവ് അമ്പായത്തോട് അഷ്റഫ് ഹുസൈൻ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡൻ ബിനോയിക്കും നിസ്സാര പരുക്കേറ്റു. ബിനോയിയും മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് അനീഷിനെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. രാവിലെ ഭക്ഷണസമയത്തും തർക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്രമണം നടന്നിട്ടും വൈകിട്ടു വരെ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകുകയോ ഔദ്യോഗികമായി വിവരം അറിയിക്കുകയോ ചെയ്തിട്ടില്ല.കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം ഉൾപ്പെടെ 45 കേസുകളിൽ പ്രതിയുമായ മരട് അനീഷിനെ (ആനക്കാട്ടിൽ അനീഷ്) കഴിഞ്ഞ 7ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വളഞ്ഞ് പൊലീസ് പിടികൂടിയത്.
2022ൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിൽ ഒളിവിലായിരുന്ന അനീഷിനെതിരെ അന്വേഷണം നടത്തുന്നതിനിടെ ആണ് പരുക്കേറ്റ കയ്യിന്റെ ചികിത്സയ്ക്കായി ഇയാൾ ആശുപത്രിയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അർധരാത്രിയിലാണ് ‘ഓപ്പറേഷൻ മരട്’ വഴി പ്രതിയെ കീഴടക്കിയത്. പൊലീസ് കാവലിലെ ചികിത്സയ്ക്കു ശേഷമാണ് നടപടികൾ പൂർത്തീകരിച്ച് വിയ്യൂരിലേക്കെത്തിച്ചത്.