മരുന്നുകമ്പനിക്ക് അനധികൃത സഹായം; വർഷങ്ങൾ നീണ്ട വായ്പക്കഥ!
Mail This Article
തിരുവനന്തപുരം ∙ 1998ൽ സുശീല ഗോപാലൻ വ്യവസായമന്ത്രിയായിരുന്ന കാലത്താണ് വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ആദ്യം വായ്പ അനുവദിച്ചത്. 98 മുതൽ 6 തവണ വായ്പ അനുവദിച്ചു. ഒരുതവണ മാത്രം തിരിച്ചടച്ചു. 99നു ശേഷം മുതലോ പലിശയോ തിരിച്ചടച്ചില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി) നിയമപ്രകാരം, കുടിശിക വരുത്തിയിട്ടുള്ള കമ്പനികൾക്ക് മറ്റൊരു വായ്പ അനുവദിക്കാറില്ല. ഇതു പൂർണമായും ലംഘിച്ചാണ് വൈശാലി ഫാർമസ്യൂട്ടിക്കൽസിന് വീണ്ടും വായ്പ അനുവദിച്ചത്.
കുടിശിക വരുത്തിയതോടെ വായ്പത്തുക തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും 2002ൽ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ ഇടപ്പള്ളിയിലെ കമ്പനിയുടെ നിർമാണ യൂണിറ്റ് പൂട്ടി. 2 കോടി രൂപ കൂടി അധികമായി അനുവദിക്കണം എന്നഭ്യർഥിച്ച് 2005 ജനുവരി, മാർച്ച് മാസങ്ങളിൽ കെഎസ്ഐഡിസിയെ കമ്പനി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. 2007 മാർച്ച് 17ന് അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കമ്പനിക്കു വായ്പ അനുവദിക്കാൻ തീരുമാനിച്ചു. 2007 ഏപ്രിൽ 13ന് ചേർന്ന കെഎസ്ഐഡിസിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് കമ്പനിയുടെ ബാധ്യതകൾ നിറവേറ്റുന്നതിനായി 2 കോടി രൂപ വായ്പ അനുവദിച്ചത്. എന്നാൽ, ഈ വായ്പയും തിരിച്ചടച്ചില്ല. ഇതോടെ കുടിശിക തുക 72 കോടി രൂപയായി.
മൊയ്തീന്റെ യോഗത്തിൽ ശുപാർശ; അനുവദിച്ചത് ഇ.പിയുടെ കാലത്ത്
കെഎസ്ഐഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 2018 ഓഗസ്റ്റ് 5ന് ചേർന്നു വീണ്ടും 3 കോടി രൂപ അനുവദിക്കാൻ അംഗീകാരം നൽകി. കെഎസ്ഐഡിസിയുടെ വായ്പ നയവും നടപടിക്രമങ്ങളും ലംഘിച്ചാണ് വായ്പ അനുവദിച്ചത്. എ.സി.മൊയ്തീൻ വ്യവസായ മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. 2018 ഡിസംബറിൽ പുതിയ വായ്പയ്ക്കായുള്ള കമ്പനിയുടെ അപേക്ഷ കെഎസ്ഐഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. പിറ്റേവർഷം മാർച്ച് 27ന് അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ചേംബറിൽ യോഗം വിളിച്ചു. കെഎസ്ഐഡിസി എംഡിയും മരുന്നുകമ്പനിയുടെ ബോർഡ് അംഗങ്ങളും പങ്കെടുത്തു. അടുത്ത യോഗത്തിൽ കമ്പനിയുടെ അപേക്ഷ പരിഗണിക്കാമെന്നു തീരുമാനിച്ചു. വായ്പക്കാരനെയും കെഎസ്ഐഡിസി എംഡിയെയും വിളിച്ചു വരുത്തി 5 കോടി രൂപ വായ്പ നൽകണമെന്ന് നിർദേശം നൽകി. ജയരാജൻ മന്ത്രിയായിരിക്കെ, 2019 ഓഗസ്റ്റിൽ ചേർന്ന ബോർഡ് യോഗം സ്ഥാപനത്തിന് 3 കോടി രൂപ വായ്പ അനുവദിച്ചു.
ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14 ന് ഇ.പി.ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് മൊയ്തീൻ വ്യവസായ മന്ത്രിയായത്. 2016 നവംബർ 22 ന് മന്ത്രിയായി ചുമതലയേറ്റ മൊയ്തീൻ 2018 ഓഗസ്റ്റ് 18 വരെ തുടർന്നു. ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായതോടെ 2018 ഓഗസ്റ്റ് 14 ന് ജയരാജൻ വീണ്ടും വ്യവസായ മന്ത്രിയായി.
സിഎജി റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങൾ
∙ വായ്പത്തുക കെഎസ്ഐഡിസിക്ക് തിരിച്ചടയ്ക്കാതിരിക്കാൻ സാമ്പത്തിക വിവരങ്ങളിൽ (ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്) വൈശാലി ഫാർമസ്യൂട്ടിക്കൽസ് കൃത്രിമം കാട്ടി.
∙ പദ്ധതി പ്രായോഗികമല്ലെന്ന് കെഎസ്ഐഡിസിയിലെ ഡപ്യൂട്ടി ജനറൽ മാനേജർ (ലീഗൽ), ചീഫ് ഫിനാൻഷ്യൽ ഓഫിസർ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയിട്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തുക അനുവദിച്ചത് നീതീകരിക്കാനാകില്ല. എംഡി ഉൾപ്പെടെയുള്ളവർ ഇതിനോട് എതിർപ്പു പ്രകടിപ്പിച്ചില്ല.
∙ വായ്പ അനുവദിക്കുന്നതിൽ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകൾ ഇടപെടാൻ പാടില്ലെന്നിരിക്കെയാണ് വ്യവസായ വകുപ്പിന്റെ ഇടപെടൽ. കെഎസ്ഐഡിസിയോ മാനേജ്മെന്റോ ബോർഡ് ഓഫ് ഡയറക്ടർമാരോ, വകുപ്പുകളും മന്ത്രിയും നൽകുന്ന നിർദേശം അനുസരിക്കേണ്ടതില്ല.
ക്രിമിനൽ പരാതികൾ എളമരം പിൻവലിച്ചു
ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് 31 കേസുകളാണ് വൈശാലി ഫാർമസ്യൂട്ടിക്കൽസിനെതിരെ കെഎസ്ഐഡിസി 2006 സെപ്റ്റംബർ വരെ ഫയൽ ചെയ്തത്. എന്നാൽ, 2007 ഏപ്രിലിൽ കമ്പനിക്കും ഡയറക്ടർമാർക്കും എതിരായ എല്ലാ ക്രിമിനൽ പരാതികളും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം പിൻവലിച്ചു. കമ്പനി നൽകിയ ചെക്കുകൾ മടങ്ങിയെങ്കിലും ഈ വർഷം സെപ്റ്റംബർ വരെ കമ്പനിക്കെതിരെ കെഎസ്ഐഡിസി നടപടിയെടുത്തിട്ടില്ല.