‘മരണംവരെ മാർക്സിസ്റ്റുമായി കൂട്ടില്ല’
Mail This Article
മലപ്പുറം ∙ സിപിഎമ്മിനോടൊപ്പം ചേർന്ന് മുന്നണിയാകണമെന്ന് മുസ്‌ലിം ലീഗിൽ കടുത്ത ആവശ്യമുയർന്ന 1974ൽ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ സ്വീകരിച്ച നിലപാട് ഉയർത്തിക്കാട്ടി, മുന്നണിമാറ്റ ചർച്ചകളെ തള്ളി ലീഗ് നേതാവ് കെ.പി.എ.മജീദ്. സിപിഎമ്മുമായി കൂട്ടുകൂടാൻ മരണംവരെ തന്നെ കിട്ടില്ലെന്നാണ് തങ്ങൾ പറഞ്ഞത്. അതു തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ലീഗിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
മുസ്‌ലിം ലീഗിനെ പിളർത്തി ഒരു വിഭാഗം അഖിലേന്ത്യാ ലീഗ് രൂപീകരിച്ച് സിപിഎം മുന്നണിയിൽ ചേരുന്നതിനു തൊട്ടുമുൻപുണ്ടായ സാഹചര്യങ്ങൾ പരാമർശിച്ചാണ് കുറിപ്പ്. കാൻസർ ചികിത്സ കഴിഞ്ഞ് മുംബൈയിൽനിന്ന് മടങ്ങിയ സമയത്തായിരുന്നു പൂക്കോയ തങ്ങളുടെ പ്രതികരണമെന്ന് പോസ്റ്റിൽ പറയുന്നു. മരണംവരെ ഇനി ‘മാർക്സിസ്റ്റുമായി’ കൂട്ടില്ലെന്ന് മുൻഗാമി ബാഫഖി തങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്. ആ ആജ്ഞയാണ് താൻ നടപ്പാക്കിയതെന്നും അന്ന് പൂക്കോയ തങ്ങൾ പറഞ്ഞതായാണ് കുറിപ്പ്.
നിലവിലെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പിതാവാണ് പൂക്കോയ തങ്ങൾ. ലീഗ് എൽഡിഎഫിലേക്കു പോകുമോയെന്ന ചർച്ചകൾ വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് മുൻഗാമികളുടെ നിലപാട് ചൂണ്ടിക്കാട്ടി മജീദിന്റെ ഫെയ്സ്ബുക് കുറിപ്പ്.